ഇന്ത്യൻ സമൂഹത്തോടുള്ള കരുതൽ: ഭരണാധികാരികൾക്ക് നന്ദി പറഞ്ഞ് അംബാസഡർ
text_fieldsമനാമ: ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമം ഉറപ്പാക്കുന്ന ബഹ്റൈൻ ഭരണനേതൃത്വത്തിനും സർക്കാറിനും നന്ദി പറഞ്ഞ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ. ഇന്ത്യൻ എംബസി സംഘടിപ്പിച്ച വെർച്വൽ ഒാപൺ ഹൗസിൽ സംസാരിക്കവേയാണ് ബഹ്റൈൻ കാണിക്കുന്ന കരുതൽ അദ്ദേഹം എടുത്തു പറഞ്ഞത്. പൗരന്മാർക്കൊപ്പം പ്രവാസികൾക്കും സൗജന്യ വാക്സിൻ നൽകുന്നതിന് നന്ദിയും അദ്ദേഹം അറിയിച്ചു.
ബഹ്റൈനിലെ കോവിഡ് പ്രോേട്ടാകോൾ കൃത്യമായി പാലിക്കാൻ അദ്ദേഹം ഇന്ത്യൻ പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. മഹാമാരിയെ പ്രതിരോധിക്കാനും ഒാരോരുത്തരുടെയും ആരോഗ്യം സംരക്ഷിക്കാനും എല്ലാവരും വാക്സിൻ സ്വീകരിക്കണം.
വാക്സിന് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ ഇന്ത്യൻ എംബസി നൽകിയ ലിങ്കിൽ (forms.gle/pMT3v1g3o4yVgnES8) രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. എംബസിയുടെ വെബ്സൈറ്റിലും സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഇൗ ലിങ്ക് ലഭ്യമാണ്.
ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതായും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. പ്രതിദിന കേസുകൾ 50,000ൽ താഴെയായി. വാക്സിനേഷൻ പരിപാടി അതിവേഗം മുന്നേറുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികളിൽ സജീവമായി പങ്കാളികളായ അസോസിയേഷനുകളെയും പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു.
കിങ് ഫഹദ് കോസ്വേയിലെ നിയന്ത്രണങ്ങൾ കാരണം ബഹ്റൈനിൽ കുടുങ്ങിയ 1500ഒാളം ഇന്ത്യക്കാരെ സൗദി അറേബ്യയിൽ എത്തിക്കാൻ സാധിച്ചതായും യോഗത്തിൽ അറിയിച്ചു. ഇന്ത്യൻ അസോസിയേഷനുകളുടെ പിന്തുണയും ഇക്കാര്യത്തിൽ ലഭിച്ചു. കറാച്ചിയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ബഹ്റൈൻ വിമാനത്താവളത്തിൽ 24 മണിക്കൂറിലധികം കുടുങ്ങിയ ആറ് ഇന്ത്യൻ നാവികരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഴിഞ്ഞു.
പ്രയാസം നേരിടുന്ന ഇന്ത്യക്കാർക്ക് വിവിധ അസോസിയേഷനുകളുടെ സഹകരണത്തോടെ ഭക്ഷണവും താമസവും ഉൾപ്പെടെ അവശ്യസഹായങ്ങൾ നൽകിവരുന്നതായും അംബാസഡർ അറിയിച്ചു.
ഒാപൺ ഹൗസിൽ പരിഗണനക്ക് വന്ന വിവിധ പരാതികൾ ഉടൻ തന്നെ പരിഹരിച്ചു. മറ്റുള്ളവയിൽ വൈകാതെ തുടർനടപടി സ്വീകരിക്കുമെന്നും അംബാസഡർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.