ജാതിമത രാഷ്ട്രീയ ഭേദമെന്യേ മലയാളി സമൂഹം ഏറ്റെടുത്ത ഗൾഫ് മാധ്യമം -പി.വി. രാധാകൃഷ്ണ പിള്ള
text_fieldsമലയാളിയുടെ ഗൾഫ് കുടിയേറ്റ ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യേണ്ട പ്രധാനപ്പെട്ട ഒരധ്യായം ഗൾഫ് മാധ്യമത്തിന്റേതാണ്. ഗൾഫ് മലയാളികൾക്ക് മാത്രമായി ഒരു പ്രഭാത ദിനപത്രമെന്ന ആശയവുമായി മാധ്യമം ഗ്രൂപ് കാൽ നൂറ്റാണ്ടു മുമ്പ് ബഹ്റൈനിൽ കാൽവെക്കുമ്പോൾ അതിന്റെ വളർച്ചയെക്കുറിച്ച് പലരും ആശങ്കപ്പെട്ടിരുന്നു.
പക്ഷേ, മലയാളി സമൂഹം ജാതി മത രാഷ്ട്രീയ ഭേദമെന്യേ സ്വന്തം പത്രമെന്ന നിലയിൽ ഗൾഫ് മാധ്യമത്തെ ഏറ്റെടുത്ത അഭൂതപൂർവമായ കാഴ്ചയാണ് ഗൾഫ് ദർശിച്ചത്. ക്രമാനുഗതമായി വളർന്ന് ഇന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും മാധ്യമത്തിന് സ്വന്തം പതിപ്പുകളുണ്ട്.
പി.വി. രാധാകൃഷ്ണ പിള്ള (പ്രസിഡൻറ്, ബഹ്റൈൻ കേരളീയ സമാജം)
മാധ്യമരംഗത്തെ ഭീമന്മാർ ഗൾഫ് മാധ്യമത്തെ അനുകരിച്ച് ഗൾഫ് പതിപ്പുകളുമായെത്തിയെങ്കിലും അവർക്കാർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കാരണം വ്യവസായിക താൽപര്യങ്ങൾക്കതീതമായി പ്രവാസിയെ നെഞ്ചോടു ചേർത്തുപിടിക്കാൻ ഗൾഫ് മാധ്യമത്തിനു മാത്രമേ കഴിയുന്നുള്ളൂ.
പ്രവാസി മലയാളിയുടെ മനഃസാക്ഷിയും ശബ്ദവുമാണ് ഗൾഫ് മാധ്യമം. നമ്മുടെ ഭാഷയും കലകളും സംസ്കാരവും ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഈ ദിനപത്രം നടത്തുന്ന ശ്രമങ്ങൾ സമാനതകളില്ലാത്തതാണ്. അപകട ഘട്ടങ്ങളിലൊക്കെ പ്രവാസിയുടെ സഹായത്തിന് ആദ്യം ഓടിയെത്തിയിട്ടുള്ളതും മാധ്യമം ദിനപത്രമാണ്.
കേരളത്തിലെ വെള്ളപ്പൊക്ക സമയത്തും പ്രവാസിയെ കോവിഡ് വരിഞ്ഞു മുറുക്കിയപ്പോഴും നാടിനെയും നാട്ടാരെയും സംരക്ഷിക്കാൻ ആദ്യം കർമപദ്ധതികൾ തയാറാക്കിയത് മാധ്യമമാണ്. മഹാമാരിയിൽ കുടുങ്ങി നാട്ടിലണയാൻ നിവൃത്തിയില്ലാതെ ഗൾഫിൽ കുടുങ്ങിപ്പോയ നൂറുകണക്കിനാളുകളെ സൗജന്യമായി നാട്ടിലെത്തിക്കാൻ മാധ്യമത്തിനു കഴിഞ്ഞത് ഇത്തരുണത്തിൽ ഞാൻ നന്ദിപൂർവം സ്മരിക്കുന്നു.
വാർത്തകൾ സത്യസന്ധമായി വായനക്കാരിലെത്തിക്കുക മാത്രമല്ല, അവരുടെ സുഖ ദുഃഖങ്ങളിൽ പങ്കുചേർന്ന് അവരോടൊപ്പം യാത്ര ചെയ്യുകയെന്നതും മാധ്യമധർമമാണെന്ന ഉയർന്ന ചിന്തയാണ് മാധ്യമം മുന്നോട്ടുവെക്കുന്നത്. 25 വർഷംമുമ്പ് ഗൾഫ് മാധ്യമത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ കഴിഞ്ഞ എനിക്ക് അതിന്റെ രജതജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കാൻ കഴിയുന്നുവെന്നത് അഭിമാനപൂർവം ഞാൻ ഓർക്കുന്നു.
പത്രമാധ്യമത്തിന്റെ യഥാർഥ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട് മലയാളിക്ക് അഭിമാനമായി കൂടുതൽ ഉയരങ്ങളിലേക്കു വളരാൻ ഗൾഫ് മാധ്യമത്തിനു കഴിയട്ടെയെന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.