തവിട് വിലക്കയറ്റം; കന്നുകാലി കർഷകർ പ്രതിസന്ധിയിൽ
text_fieldsമനാമ: തവിട് വിലക്കയറ്റം ചിക്കൻ, ഇറച്ചി എന്നിവയുടെയും വില വർധനക്കിടയാക്കുമെന്ന് കന്നുകാലി കർഷകർ. തവിട് വിലക്കയറ്റം മൂലം കന്നുകാലി കർഷകർക്കുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന പാർലമെന്റ് കമ്മിറ്റി യോഗത്തിലാണ് കർഷകരുടെ പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാർലമെന്റ് അംഗം ഹിഷാം അബ്ദുൽ അസീസ് അൽ അവദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കന്നുകാലി വളർത്തുന്നവരുടെയും വ്യാപാരികളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഗോതമ്പിന്റെയും ഗോതമ്പുൽപന്നങ്ങളുടെയും വില വർധിച്ച സാഹചര്യത്തിൽ ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി പല ഉൽപന്നങ്ങളുടെയും വില വർധിപ്പിച്ചിരുന്നു. നേരത്തേ 50 കിലോ തവിടിന് 2.2 ദിനാറുണ്ടായിരുന്നത് ഒറ്റയടിക്ക് 4.4 ദിനാറായി വർധിപ്പിച്ചത് കന്നുകാലി കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന കന്നുകാലി കർഷകരുടെയും വ്യാപാരികളുടെയും പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പാർലമെന്റ് കമ്മിറ്റി വ്യക്തമാക്കി.
ധാന്യപ്പൊടികൾക്ക് 35% മുതൽ 100% വരെ വില വർധന ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി (ബി.എഫ്.എം) പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. അംഗീകൃത ബേക്കറികൾക്കുള്ള സബ്സിഡി നിലനിർത്തിയിട്ടുണ്ടെങ്കിലും പൊതുവിപണിയിൽ മൈദക്ക് 2 ദിനാറിലധികം വില വർധിച്ചിരുന്നു. ഗോതമ്പ് വില ആഗോളതലത്തിൽ വർധിച്ചതിനാൽ വില വർധിപ്പിക്കാതെ മാർഗമില്ലെന്ന നിലപാടിലാണ് കമ്പനി. മാവിന്റെ വില വർധന റൊട്ടി, പേസ്ട്രികൾ, പീസ്സ, മധുരപലഹാരങ്ങൾ, കന്നുകാലി തീറ്റ എന്നിവയുൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ ഇടയാക്കുമെന്ന് വ്യാപക ആശങ്കയുണ്ട്. വിലവർധന മൂന്ന് മാസത്തേക്ക് മാറ്റിവെക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.