സി.ബി.എസ്.ഇ 11ാം ക്ലാസ്: അധ്യയനം നടക്കാത്ത മാസങ്ങളിലെ ഫീസ് വാങ്ങുന്നതായി രക്ഷിതാക്കൾ
text_fieldsമനാമ: ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ 11ാം ക്ലാസ് പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അധ്യയനം നടക്കാത്ത മാസങ്ങളിലെ ഫീസ് കൂടി അടക്കേണ്ടി വരുന്നതായി രക്ഷിതാക്കളുടെ പരാതി. മേയ് അവസാന ആഴ്ചയാണ് ഈ വർഷത്തെ 11ാം ക്ലാസുകാരുടെ അധ്യയനം തുടങ്ങിയത്. എന്നാൽ, അഞ്ചുദിവസത്തെ ക്ലാസ് മാത്രം നടത്തിയതിന് ഏപ്രിൽ, മേയ് മാസങ്ങളിലെ മുഴുവൻ ഫീസും വാങ്ങുന്നതായാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും വലക്കുന്ന തങ്ങൾക്ക് ഇത് താങ്ങാൻ കഴിയുന്നതല്ലെന്നും അവർ പറയുന്നു. അധ്യയനം നടക്കാത്ത മാസങ്ങളിലെ ഫീസ് അടക്കാൻ ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് വാദിക്കുന്ന രക്ഷിതാക്കൾ ഫീസിൽ ഇളവ് നൽകാൻ സ്കൂളുകൾ തയാറാകണമെന്നും ആവശ്യപ്പെടുന്നു.
അതേസമയം, ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ സി.ബി.എസ്.ഇ ഗൾഫ് കൗൺസിലിന്റെ തീരുമാന പ്രകാരമാണ് ഏപ്രിൽ, മേയ് മാസങ്ങളിലെ ഫീസ് ഈടാക്കുന്നതെന്ന് സ്കൂൾ പ്രതിനിധികൾ 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിച്ചു. കൗൺസിലിന്റെ ബഹ്റൈൻ ചാപ്റ്ററും ഈ തീരുമാനമെടുത്തിട്ടുണ്ട്.
സാധാരണ, ഏപ്രിൽ മാസത്തിലാണ് 11ാം ക്ലാസ് അധ്യയനം ആരംഭിക്കുന്നത്. കോവിഡ് കാരണം ഇത്തവണ പത്താം ക്ലാസ് പരീക്ഷ വൈകിയതാണ് അധ്യയനം തുടങ്ങുന്നത് നീണ്ടുപോകാൻ ഇടയാക്കിയത്. ക്ലാസ് തുടങ്ങാൻ വൈകിയെങ്കിലും മുഴുവൻ പാഠഭാഗങ്ങളും കൃത്യസമയത്ത് തീർക്കാനും മറ്റ് പഠന പ്രവർത്തനങ്ങൾക്കും അധ്യാപകർ അധികസമയം ചെലവഴിക്കേണ്ടിവരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപിന് ന്യായമായ ഫീസ് ഈടാക്കേണ്ടത് അനിവാര്യമാണെന്നും സ്കൂളുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.