പത്താം ക്ലാസ് പരീക്ഷ തുടങ്ങി: ഹിന്ദി എന്തെളുപ്പം; പക്ഷെ സമയം കിട്ടിയില്ല
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ സെൻററുകളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചു. ഹിന്ദി പരീക്ഷയെ കുറിച്ച് കുട്ടികൾക്ക് പറയാൻ നൂറ് നാവായിരുന്നു. കാരണം ഏറ്റവും എളുപ്പമുള്ള േചാദ്യങ്ങൾ. കഴിഞ്ഞ 10 വർഷത്തിനുള്ളിലെതന്നെ ഏറ്റവും നല്ല ചോദ്യപേപ്പർ എന്നാണ് അധ്യാപകരും വിലയിരുത്തിയത്. എന്നാൽ സമയം തികഞ്ഞില്ല എന്ന പല്ലവിയായിരുന്നു കൂടുതൽപേർക്കും. ആദ്യപരീക്ഷയായതിനാലാണ് സമയം തികയാതെ േപായത് എന്ന് ആശ്വാസിപ്പിക്കലുകളും കേൾക്കാമായിരുന്നു.
ആദ്യപരീക്ഷയുടെ ആകാംക്ഷ കുട്ടികളിലും രക്ഷകർത്താക്കളിലും എല്ലാം പ്രകടമായിരുന്നു. പരീക്ഷ സമയത്തിന് ഒരു മണിക്കൂർ മുെമ്പ കുട്ടികളെയും കൊണ്ട് രക്ഷകർത്താക്കൾ സ്കൂളുകളിലെത്തി. ഇന്ത്യൻസ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളായിരുന്നു ഹിന്ദി പരീക്ഷ സെൻററുകൾ. പരീക്ഷ കഴിഞ്ഞശേഷം കുട്ടികൾ ഹാളിന് പുറത്തിറങ്ങി സഹപാഠികൾക്കൊപ്പം തങ്ങൾ എഴുതിയ ഉത്തരങ്ങളെ കുറിച്ചുള്ള ചർച്ചകളിലായിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി രക്ഷകർത്താക്കളുടെ അരികിലേക്ക്. പരീക്ഷ എങ്ങനെയെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിരുന്നത്.
നല്ല എളുപ്പം എന്ന മറുപടി വന്നതോടെ രക്ഷകർത്താക്കളും സംതൃപ്തരായി. എന്നാൽ സമയം തികഞ്ഞില്ല എന്നുകേട്ടപ്പോൾ രക്ഷകർത്താക്കളിൽ പലരുടെയും മുഖത്ത് വല്ലായ്മ പടർന്നു. എളുപ്പമുള്ള പരീക്ഷ ആയതിനാൽ മൂല്ല്യനിർണ്ണയം കർശനമാകും എന്ന വിലയിരുത്തലുകളുണ്ട്. ഇന്ന് സി.ബി.എസ്.സി കേരള സിലബസിൽ മലയാളം പരീക്ഷ നടക്കും. 12 ന് ഇംഗ്ലീഷും 16 ന് സയൻസും 22 ന് സോഷ്യൽ സയൻസും 28 ന് ഗണിതവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.