ആഘോഷങ്ങൾ തിരികെയെത്തുന്നു
text_fieldsഓണം പ്രവാസി മലയാളിക്ക് എന്നും ഗൃഹാതുര ആഘോഷമാണ്. പ്രതീക്ഷയുടെ പുതുവർഷത്തെ വരവേൽക്കുകയാണ്. ജോലിയുടെ സ്വഭാവം കാരണം മിക്കവാറും ഓണം നാട്ടിൽ ആഘോഷിക്കാൻ അവധി കിട്ടാറില്ല.
ആഘോഷങ്ങളെല്ലാം പ്രവാസത്തിലായി മാറും. കൂട്ടുകുടുംബത്തിൽ വളർന്നതിനാൽ നാട്ടിലെ ഓണം എന്ന് പറയുമ്പോൾ വയലിൽ പോയി വരിപറിക്കുന്നതും കാക്കപ്പൂ ശേഖരിക്കുന്നതും, പിന്നെ ഓണപ്പൂക്കളത്തിനുവേണ്ടി ഡിസൈൻ തലേ ദിവസം രാത്രി വരക്കുന്നതും കുറവുള്ള നിറങ്ങൾക്കുവേണ്ടി തേങ്ങാപ്പീരയിൽ നിറം കൊടുക്കുന്നതും നല്ല ഓർമകൾ തരുന്നു. കസിൻസ് ഒക്കെക്കൂടി പട്ടുപാവാടയുമിട്ട് ഊഞ്ഞാലാടുന്നതും വടംവലി മത്സരങ്ങളും മറക്കാൻ പറ്റാത്ത ഓർമകളാണ്.
എങ്കിലും, നാട്ടിലേക്കാൾ ഉത്സാഹത്തോടെയാണ് ഖത്തറിലെ ഓണാഘോഷങ്ങൾ. സദ്യയൊരുക്കലും തിരുവാതിരക്കളിയും പായസ മത്സരവും മുതൽ ഓണപ്പാട്ടുമൊക്കെയായി ബഹുമേളം ആയിരിക്കും. നാട്ടിൽ ഓണം ചിങ്ങത്തിൽ കഴിയുമെങ്കിലും ഞങ്ങൾ പ്രവാസികൾക്ക് ക്രിസ്മസ് വരെ നീണ്ടുനിൽക്കും. 2020 മുതൽ കോവിഡ് മഹാമാരി എല്ലാവരെയും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിട്ടതാണ്. എല്ലാ ആഘോഷങ്ങൾക്കും കൂട്ടായ്മകൾക്കും മങ്ങലേറ്റു. ഒന്നുചേർന്ന് ഒരുക്കിയിരുന്ന സദ്യയും കലാപരിപാടികളും ഇക്കഴിഞ്ഞ രണ്ടുവർഷം നമ്മൾക്ക് അന്യമായി.
ഈ 2022ൽ എല്ലാ ആഘോഷങ്ങളും പൂർവാധികം പ്രതാപത്തോടെ ആഘോഷിക്കാൻ തയാറെടുക്കുകയാണ്. സദ്യയും ആഘോഷങ്ങളും പൂക്കളങ്ങളും മുതൽ വിപുലമായ പരിപാടികൾ കൂടി ഉൾപ്പെടുന്നതായി കോവിഡാനന്തരമുള്ള ഓണാഘോഷങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.