കേരളത്തിന് നികുതി വിഹിതത്തിന്റെ പകുതിയേ കേന്ദ്രം നൽകുന്നുള്ളൂ -മന്ത്രി ബാലഗോപാൽ
text_fieldsമനാമ: കേരളത്തിന് അർഹമായ നികുതി വിഹിതത്തിന്റെ പകുതിയേ കേന്ദ്രം നൽകുന്നുള്ളു എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രസർക്കാറിന്റെ തെറ്റായ നിലപാടുകൾ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാറുകളെ ബാധിക്കുകയാണെന്ന് പ്രവാസി മലയാളികൾക്കായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന പ്രവാസി ചിട്ടിയുടെ പ്രമോഷന്റെ ഭാഗമായി ബഹ്റൈനിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ അവഗണനയെ കൂട്ടായി നേരിടാനാണ് അഞ്ച് ധനകാര്യമന്ത്രിമാർ പങ്കെടുത്ത കോൺക്ലേവ് രണ്ടാഴ്ച മുമ്പ് നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ച കോൺക്ലേവിൽ കർണാടക, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന സംസ്ഥാന ധനമന്ത്രിമാർ പങ്കെടുത്തു. കേരളത്തിന്റെ പ്രതിപക്ഷ നേതാവുമുണ്ടായിരുന്നു.
കേരളത്തിന് അർഹമായത് കേന്ദ്രം തരുന്നില്ലെന്ന കാര്യം നിരവധി തവണ കണക്കുകൾ ഉദ്ധരിച്ച് വ്യക്തമാക്കിയതാണ്. എങ്കിലും കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ കൊണ്ടുപോകുന്നുണ്ട്.
സംസ്ഥാനത്തോടുള്ള അവഗണന കേവലം രാഷ്ട്രീയവിഷയമായി കാണേണ്ടതല്ല. കേരളത്തിന് അവകാശപ്പെട്ടത് കിട്ടുന്നില്ലെന്നത് വസ്തുതയാണ്. ഇക്കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെട്ടതാണ്.
വിശ്വസനീയമായ ചിട്ടിയാണ് പ്രവാസികൾക്ക് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. പ്രവാസി ചിട്ടി വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമം. പ്രവാസി ചിട്ടിക്കെതിരായ പ്രചാരണം ചില ഗൂഡതാൽപര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇപ്പോൾ 50 ലക്ഷത്തോളം ആളുകൾ കെ.എസ്.എഫ്.ഇ ചിട്ടിയിലുണ്ട്. 121 രാജ്യങ്ങളിൽ ഇപ്പോൾ പ്രവാസി ചിട്ടിയുണ്ട്.
പ്രവാസികൾക്ക് ഓൺലൈനായി പണമടയ്ക്കാനും ചിട്ടി വിളിക്കാനും സാധിക്കുന്ന തരത്തിലാണ് പ്രവാസി ചിട്ടി ആരംഭിച്ചിട്ടുള്ളത്. പ്രവാസി ചിട്ടിയിൽ 75,000 ആളുകളുണ്ട്.
നൂറു ശതമാനം സർക്കാർ ഗാരന്റി ചിട്ടിക്കുണ്ട്. ചിട്ടിയുടെ ഗ്യാരന്റിക്കായി നൽകുന്ന വസ്തുവിന്റെ മൂല്യം കണക്കാക്കുന്നത് നിലവിലുള്ള നിയമമനുസരിച്ചാണ്. റവന്യൂ വകുപ്പാണ് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ഗ്യാരന്റി വസ്തുവിന്റെ മൂല്യം നിർണയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.