ചന്ദ്രയാൻ -3 വിജയം; ഇന്ത്യയെ അഭിനന്ദിച്ച് ബഹ്റൈൻ
text_fieldsമനാമ: ഇന്ത്യയുടെ ചന്ദ്രയാൻ -3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറക്കിയതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന 15ാമത് ബ്രിക്സ് ഉച്ചകോടിക്കിടെയാണ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്.
കൂടിക്കാഴ്ചയിൽ അദ്ദേഹം ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും അഭിനന്ദനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
ഇന്ത്യയെ അഭിനന്ദിച്ച് കിരീടാവകാശി സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റും ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പ്രധാനമന്ത്രി മോദിയെ കാണിച്ചു.
ബഹ്റൈൻ നാഷനൽ സ്‌പേസ് സയൻസ് ഏജൻസി ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് സന്ദേശമയച്ചു. ബഹ്‌റൈൻ ബിസിനസ് വിമൺ സൊസൈറ്റി അടക്കം ആശംസാ സന്ദേശങ്ങളുമായി ആഘോഷങ്ങളിൽ പങ്കുചേർന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസക്കും അവർ നൽകിയ പിന്തുണക്കും ബഹ്‌റൈനിലെ ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ബഹ്റൈൻ ഭരണാധികാരികളുടെ സന്ദേശമെന്നും എംബസി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.