രണ്ട് വിമാനങ്ങൾ ഇന്നലെ യാത്രക്കാരെ കൊണ്ടുപോയി അനിശ്ചിതത്വം നീങ്ങി; കേരളീയ സമാജത്തിെൻറ രണ്ട് ചാർേട്ടഡ് വിമാനങ്ങൾ ഇന്ന് പറക്കും
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ നാല് ചാർേട്ടഡ് വിമാനങ്ങളിൽ രണ്ടെണ്ണത്തിെൻറ കാര്യത്തിലുണ്ടായ അനിശ്ചിതത്വം നീങ്ങി. എയർ ഇന്ത്യ എക്സ്പ്രസിെൻറ രണ്ട് വിമാനങ്ങൾ ഇന്ന് കേരളത്തിലേക്ക് പുറപ്പെടും. ഗൾഫ് എയറിെൻറ രണ്ട് വിമാനങ്ങൾ നേരത്തെ നിശ്ചയിച്ചതുപോലെ നിശ്ചയിച്ചതുപോലെ വെള്ളിയാഴ്ച രാത്രി കൊച്ചിയിലേക്ക് സർവിസ് നടത്തി. 336 യാത്രക്കാരാണ് രണ്ട് വിമാനങ്ങളിലുമായി നാട്ടിലേക്ക് പോയത്.
വെളളിയാഴ്ച ഉച്ചക്ക് 12ന് കോഴിക്കോേട്ടക്കും 2.10ന് കൊച്ചിയിലേക്കുമാണ് സർവിസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇൗ വിമാനങ്ങൾക്ക് ബഹ്റൈനിൽ ഇറങ്ങാൻ ഇവിടുത്തെ വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി ലഭിക്കാതിരുന്നതോടെ സംഘാടകർ ആശങ്കയുടെ മുൾമുനയിലായി. വ്യാഴാഴ്ച വൈകീട്ട് തന്നെ ഇതുസംബന്ധിച്ച സൂചനകൾ കിട്ടിയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ എല്ലാം ശരിയാകുമെന്നായിരുന്നു പ്രതീഷ. എന്നാൽ, വെള്ളിയാഴ്ച രാവിലെയും അനുമതി ലഭിക്കാതായതോടെ സർവിസ് അനിശ്ചിതത്വത്തിലായി. ഇൗ വിമാനങ്ങിൽ പോകാൻ ടിക്കറ്റ് എടുത്തവരും വിഷമ ഘട്ടത്തിലായി. വെള്ളിയാഴ്ച അവധിയായത് അനുമതി നേടിയെടുക്കുന്നതിന് തടസ്സമായി. രേഖകൾ പരിശോധിച്ച് അനുമതി നൽകാൻ മൂന്ന് ദിവസമെങ്കിലും വേണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഒമ്പതാം തീയതിയോടെയേ അനുമതി ലഭിക്കൂ എന്ന വിവരവും മന്ത്രാലയത്തിൽനിന്ന് ലഭിച്ചു. തുടർന്ന് രാവിലെ 11 മണിയോടെ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിളള, ശശി തരൂർ എം.പിയെ ബന്ധപ്പെട്ട് സഹായം തേടി. ശശി തരൂർ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ പ്രശ്നം ധരിപ്പിച്ചു. അദ്ദേഹം ഉടൻതന്നെ ബഹ്റൈൻ വിദേശകാര്യ മന്ത്രിയെ ബന്ധപ്പെട്ടതോടെ നടപടികൾ ദ്രുതഗതിയിലായി.
ഉച്ചക്ക് വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി കേരളീയ സമാജം ഭാരവാഹികളെ ബന്ധപ്പെട്ടു. എല്ലാ യാത്രക്കാരുടെയും സി.പി.ആർ നമ്പർ അടക്കമുള്ള പട്ടിക ഹാജരാക്കാൻ ആവശ്യപ്പെട്ടു. രേഖകൾ പരിശോധിക്കാൻ ഒരു സംഘം ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നാല് വിമാനങ്ങളിലെയും യാത്രക്കാരുടെ രേഖകൾ പരിശോധിച്ച് വൈകുന്നേരം അഞ്ചരയോടെ അനുമതി നൽകിയ വിവരം അറിയിച്ചതോടെയാണ് ഒരു പകൽ നീണ്ട ആശങ്കയുടെ കാർമേഖങ്ങൾ നീങ്ങിയത്. വെള്ളിയാഴ്ച രാത്രി 11 മുതൽ ഏതുസമയത്തും സർവിസ് നടത്താനാണ് അനുമതി ലഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ നാട്ടിൽനിന്ന് എത്തേണ്ടതിനാൽ യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12ന് കോഴിക്കോേട്ടക്കും 2.10ന് കൊച്ചിയിലേക്കും വിമാനങ്ങൾ പുറപ്പെടും.
വിമാനം വൈകുന്ന വിവരം രാവിലെ തന്നെ യാത്രക്കാരെ അറിയിച്ചിരുന്നു. ഏറെ പ്രതിസന്ധിക്കിടയിലും സർവിസ് നടത്താൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ഇക്കാര്യത്തിനുവേണ്ടി പ്രയത്നിച്ച മുഖ്യ മന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ, ശശി തരൂർ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂയിരി, ബഹ്റൈൻ ഇൻറർനാഷനൽ ട്രാവൽസ് ജനറൽ മാനേജർ സി.ഡി സിങ്, വർഗീസ് കാരക്കൽ, ഷാജി പൊഴിയൂർ എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതാണ് യാത്ര സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.