വീട്ടിൽത്തന്നെ ചെക്ക്-ഇൻ; വിമാനത്താവളത്തിലേക്ക് ഇനി കൈയും വീശിപ്പോകാം
text_fieldsമനാമ: യാത്രക്കാർക്കായി ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനവുമായി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബി.ഐ.എ). ഹാല ബഹ്റൈൻ ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. യാത്ര പുറപ്പെടുന്നതിനുമുമ്പ് ഹാല ബഹ്റൈനിൽ നിന്നുള്ള ഒരു ഏജന്റ് യാത്രക്കാരനുള്ള സ്ഥലത്തെത്തി ബാഗുകൾ തൂക്കി ടാഗ് ചെയ്യും.
ചെക്ക്-ഇൻ ചെയ്തശേഷം ബോർഡിങ് പാസുകൾ നൽകും. തുടർന്ന് യാത്രക്കാരുടെ ബാഗേജ് എയർപോർട്ടിൽ എത്തിക്കുകയും ഫ്ലൈറ്റിൽ കയറ്റിയെന്ന് ഉറപ്പാക്കുകയും ചെയ്യും. യാത്രക്കാർക്ക് ലഗേജിന്റെ ഭാരമില്ലാതെ യഥാസമയം എയർപോർട്ടിലേക്ക് പോകാൻ കഴിയും. ഇമിഗ്രേഷനിലേക്ക് നേരിട്ടുപോകാം. ഒരു ടെൻഷന്റെയും ആവശ്യമില്ലാതെ സുഖമായി യാത്ര ചെയ്യാനാകും. ചെക്ക്-ഇൻ ഡെസ്ക്കുകൾ ഒഴിവാക്കി നേരിട്ട് ഇമിഗ്രേഷനിലേക്ക് പോകാൻ കഴിയുമെന്നത് അവസാന സമയത്തെ ടെൻഷൻ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗമാണ്.
ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിലെത്തുന്ന യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും യാത്ര കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പുതിയതും നൂതനവുമായ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനം.
വിമാനത്താവളം എന്ന പരമ്പരാഗത സങ്കൽപങ്ങളിൽനിന്നുള്ള മാറ്റത്തിലൂടെ യാത്രകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സൗകര്യം സഞ്ചാരികൾക്കൊരുക്കുകയാണ് ലക്ഷ്യമെന്ന് ഹല ബഹ്റൈൻ ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടർ അയ്മൻ സൈനൽ പറഞ്ഞു. യാത്രക്ക് 30 ദിവസം മുമ്പും ഫ്ലൈറ്റിന് 12 മണിക്കൂർ മുമ്പും homecheckin@halabahrain.bhൽ ഇ-മെയിൽ അയച്ച് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് https://www.bahrainairport.bh/ സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.