സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുക
text_fieldsബഹ്റൈനിലെ സ്കൂളുകളിലെ ടീച്ചിങ് സ്റ്റാഫ്, നോൺ ടീച്ചിങ് സ്റ്റാഫ്, പ്രൈവറ്റ്-ഗവൺമെൻറ് ഹോസ്പിറ്റലുകളിലെ നഴ്സ്, ഡോക്ടർമാർ, ടെക്നിക്കൽ ഉദ്യോഗാർഥികൾ, മറ്റു മന്ത്രാലയങ്ങളിൽ ജോലിചെയ്യുന്നവർ, ഗവൺമെൻറ് തലത്തിലോ പ്രൈവറ്റ് തലത്തിലോ ഉള്ള എൻജിനീയർ സൂപ്പർവൈസർമാർ, സിവിൽ, പ്ലംബിങ്, ഇലക്ട്രിക്കൽ, മറ്റു തസ്തികകളിൽ ജോലി ചെയ്യുന്നവർ എന്നിവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
മുകളിൽ പറഞ്ഞിരിക്കുന്ന തസ്തികകളിൽ ജോലിചെയ്യണമെങ്കിൽ അവരുടെ യോഗ്യത സർട്ടിഫിക്കറ്റ് (അധ്യാപകരായി ജോലി ചെയ്യുന്നവരാണെങ്കിൽ ബി.എഡ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ) ഇന്ത്യയുടെ വിദേശ മന്ത്രാലയത്തിൽനിന്ന് അപോസ്റ്റിൽ ചെയ്തതിനുശേഷം അവരുടെ സർട്ടിഫിക്കറ്റുകളുടെ സാധുത ബഹ്റൈനിലെ മന്ത്രാലയങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യരംഗത്തുള്ളവർ ഡേറ്റ ഫ്ലോയിലൂടെയും മറ്റു മന്ത്രാലയങ്ങളിൽ ജോലിചെയ്യുന്നവർ ക്വാഡ്രാബേയിലൂടെയുമാണ് ഇത് ചെയ്യേണ്ടത്. അതിനുവേണ്ടി എല്ലാ ഡോക്യുമെന്റുകളും അപ്ലോഡ് ചെയ്യേണ്ടതായുണ്ട്. അപ്ലോഡ് ചെയ്യുന്ന സമയത്ത് മുമ്പ് പഠിച്ചിരുന്ന യൂനിവേഴ്സിറ്റിയോ കോളജുകളോ ഏതെങ്കിലും അടച്ചുപോയിട്ടുണ്ടെങ്കിൽ അത്തരം യൂനിവേഴ്സിറ്റികൾ നിലവിലില്ല എന്നുള്ള റിപ്പോർട്ടായിരിക്കും വെരിഫിക്കേഷൻ ഏജൻസി മന്ത്രാലയങ്ങൾക്ക് നൽകുക. അത് നൽകിക്കഴിഞ്ഞാൽ ആ സർട്ടിഫിക്കറ്റുകൾ ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ നിലവിലില്ലാത്തത് ആയിട്ടോ ആണ് മന്ത്രാലയം കണക്കാക്കുക. മന്ത്രാലയം അത്തരത്തിലുള്ളവരെ നിയമനടപടികൾക്ക് വിധേയമാക്കും. അതുകൊണ്ട് ഉദ്യോഗാർഥികൾ ഇവ അപ്ലോഡ് ചെയ്യുന്നതിനുമുമ്പ് തങ്ങൾ പഠിച്ച യൂനിവേഴ്സിറ്റികൾ നിലവിലുണ്ടോ, ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. യോഗ്യത സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുമ്പോൾ ഇതിലുള്ള ഏതെങ്കിലും യൂനിവേഴ്സിറ്റി യു.ജി.സി വ്യാജമെന്ന് പ്രഖ്യാപിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ യോഗ്യത സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ പാടില്ല.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഏജൻസി നിങ്ങളുടെ റിപ്പോർട്ട് ഇവിടത്തെ മന്ത്രാലയത്തിന് കൊടുത്തുകഴിഞ്ഞാൽ ആ രേഖകൾ വ്യാജമാണെന്നു കണക്കാക്കി ശിക്ഷാനടപടികൾക്ക് വിധേയമാക്കും. അറസ്റ്റ്, കോടതി, ജയിൽവാസം എന്നുള്ള കാര്യങ്ങളിലേക്കായിരിക്കും നീങ്ങുക. നിങ്ങൾക്ക് എത്രയൊക്കെ ബിരുദങ്ങൾ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു സർട്ടിഫിക്കറ്റ് മാത്രം ഇത്തരത്തിലുള്ളതായാൽ മറ്റുള്ളവക്കൊന്നും ഒരു വിലയും ഉണ്ടായിരിക്കുകയില്ല. കൂടുതൽ ടീച്ചർമാരും നഴ്സുമാരും ഹൗസ് വൈഫ് വിസകളിൽ ഉള്ളവരാണ്. അപ്പോൾ അവർ മാത്രമായിരിക്കും നിയമനടപടികൾ അഭിമുഖീകരിക്കേണ്ടിവരുക. ഫാമിലിയായി താമസിക്കുന്നവരാണെങ്കിലും ഹൗസ് വൈഫുകൾക്ക് ടീച്ചർ തസ്തികളിൽ സ്കൂളിൽ ജോലി ചെയ്യാനുള്ള അനുമതി ഇവിടത്തെ വിദ്യാഭ്യാസ മന്ത്രാലയം നൽകുന്നുണ്ട്. ഇത്തരക്കാർക്കെതിരെ നിയമനടപടികളുമായി ഇവിടത്തെ നിയമ മന്ത്രാലയം മുന്നോട്ടുപോകും. നിയമനടപടികൾക്ക് വിധേയമായാൽ ആ സമയത്ത് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നിങ്ങൾക്ക് ബന്ധപ്പെടാൻ സാധിക്കുകയില്ല. ഇത്തരത്തിൽ ബി.എഡ് സർട്ടിഫിക്കറ്റ് ഉള്ളവരാണെങ്കിൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ താൽക്കാലിക ബി.എഡ് കോഴ്സ് നടക്കുന്നുണ്ട്. അതിൽ ചേരാവുന്നതാണ്. പഠനം കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ലഭിക്കും. ബഹ്റൈനിൽ ഈ സർട്ടിഫിക്കറ്റിന് നിയമസാധുതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.