കുട്ടികളും പഠനവും പ്രവാസി വെൽഫെയർ ടോക്ക്
text_fieldsമനാമ: കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസ്സിലാക്കുകയും അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന തലമുറ രൂപപ്പെടുകയെന്ന് സൈക്കോളജിസ്റ്റും മോട്ടിവേറ്റഡ് സ്പീക്കറുമായ സി.വി. ഖലീലുറഹ്മാൻ പറഞ്ഞു.
ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളും പഠനവും പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ദേഷ്യം, സങ്കടം മുതലായ വികാരങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ വീടകങ്ങളിൽ ഒരുക്കണം. കുട്ടികളുടെ വിശ്രമത്തിനും കളികൾക്കും വീട്ടിൽ തന്നെ അവസരം ഒരുക്കുകയും രക്ഷകർത്താക്കൾ കൂടെ കൂടുകയും വേണം. അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാന്‍ സഹായിക്കുന്ന പരിശീലനത്തിനായി പ്രകൃതിയെ നിരീക്ഷിക്കാന്‍ അവസരമൊരുക്കുകയും പലതരം കളികള്‍, കളറിങ്, കൂട്ടുകൂടല്‍, പങ്കുവെക്കല്‍ തുടങ്ങിയവക്ക് മാതാപിതാക്കൾ അവസരം ഉണ്ടാക്കുകയും വേണം.
കുട്ടികളുടെ മനോനില പരിഗണിക്കുന്ന വൈകാരിക വിദ്യാഭ്യാസവും കുട്ടികളുമായി ചേർന്നുനിൽക്കലും കരുതലിന്റെയും വിശ്വസ്തതയുടെയും ആശ്വാസം പകരലും കരിക്കുലത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദ് അലി സ്വാഗതവും റാഷിദ് കോട്ടയ്ക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.