ധന്യമാകട്ടെ ഈ ക്രിസ്മസ്
text_fields‘‘കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിനുമീതെ വന്നുനില്ക്കുവോളം അവര്‍ക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.‘‘നക്ഷത്രം കണ്ടതുകൊണ്ട് അവര്‍ അത്യന്തം സന്തോഷിച്ചു. ആ വീട്ടില്‍ ചെന്നു. ശിശുവിനെ അമ്മയായ മറിയയോടു കൂടെ കണ്ട് അവനെ നമസ്കരിച്ചു.’’ (മത്തായി 2: 10)
ക്രിസ്മസ് നമ്മേ ഒത്തിരി കാര്യങ്ങള്‍ തൊട്ടുണര്‍ത്തുന്നു. അതില്‍ ഒന്നാണ് നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളുടെ കാലത്താണ് നാം ജീവിക്കുന്നത്. സിനിമാ സ്റ്റാര്‍സ്, സ്റ്റാര്‍ ഹോട്ടലുകള്‍, കായിക താരങ്ങള്‍, ഇങ്ങനെ പോകുന്ന ചുറ്റുവട്ടങ്ങള്‍. നക്ഷത്രങ്ങള്‍ എന്നും കുലീനതയുടെയും മഹത്വത്തിന്റെയും പ്രതീകങ്ങള്‍ തന്നെ. സ്റ്റാര്‍ ആകാന്‍ ആഗ്രഹിക്കാത്തവരായി നമ്മുടെ ഇടയില്‍ ആരും കാണുകയില്ല. കുട്ടികള്‍ക്ക് ക്ലാസിലെ സ്റ്റാര്‍, പാട്ടിലെ സ്റ്റാര്‍, അങ്ങനെ ശ്രദ്ധിക്കപ്പെടാത്തവരായി നമ്മുടെ ഇടയില്‍ ആരും കാണുകയില്ല. സ്റ്റാര്‍ ആകും മുമ്പേ എന്താണ് യഥാർഥ സ്റ്റാറിന്റെ ലക്ഷ്യമെന്നുകൂടി ചിന്തിക്കണം. വഴികാട്ടിയാവേണ്ടവനാണ് സ്റ്റാര്‍. രക്ഷകന് പിറന്നുവീണ സ്ഥലത്തേക്ക് ലോകത്തിന്റെ ജ്ഞാനികള്‍ക്ക് വഴികാട്ടിയാവുകയായിരുന്നു അന്ന് കിഴക്കുദിച്ച നക്ഷത്രം ചെയ്തത്. ജ്ഞാനികള്‍ക്ക് വഴിതെറ്റിയെങ്കിലും നക്ഷത്രങ്ങൾ വഴിതെറ്റിച്ചില്ല. ഹെറോദേസിന്റെ കൊട്ടാരത്തില്‍ നിന്ന് തിരിച്ചെത്തിയ വിദ്വാന്മാര്ക്ക് തുടര്‍ന്നും അവരെ വഴികാട്ടിയായി നയിച്ചു. ചുറ്റുമുള്ളവരെ വഴിതെറ്റാതെ നയിക്കുക എന്ന ഉത്തരവാദിത്തം കൂടിയാണ് സ്റ്റാറാവുക എന്നു വെച്ചാല്‍. നക്ഷത്രങ്ങള്‍ അടയാളങ്ങളാണ്. ക്രിസ്മസ് കാലം വന്നെത്തി എന്നതിന്റെ അടയാളം കൂടിയാണ് നക്ഷത്രങ്ങള്‍. സ്റ്റാറാകാന്‍ ആഗ്രഹിക്കുമ്പോള്‍, നാം അവന് അടയാളങ്ങൾകൂടി ആകണം എന്ന ഓർമപ്പെടുത്തല്‍ മറക്കരുത്. നക്ഷത്രങ്ങള്‍ ചിരഞ്ജീവികള്‍ അല്ല. പുല്‍ക്കൂട് വരെ നയിക്കുക എന്നതായിരുന്നു അവയുടെ ദൗത്യം. പുല്ക്കൂടണഞ്ഞ വിദ്വാന്മാര് പിന്നീട് നക്ഷത്രങ്ങളെ നോക്കിയല്ല യാത്ര ചെയ്തത്.
സത്യപ്രകാശമായ ദൈവസന്നിധിയിലേക്ക് നയിക്കുകയാണ് നക്ഷത്രങ്ങള്‍ ചെയ്തത്. അവ സ്വയം കത്തിത്തീരുന്നവയാണ്. അപരന് വെളിച്ചം നല്‍കിക്കൊണ്ടാണ് എന്നും നാം ഓർമിക്കണം. നക്ഷത്രങ്ങളെ തമോഗര്‍ത്തങ്ങള്‍ വിഴുങ്ങുന്ന പ്രതിഭാസത്തെപ്പറ്റിയും മറക്കരുത്. വെളിച്ചം മറയ്ക്കുവാന്‍ കഴിവുള്ള വലിയ തമോഗര്‍ത്തങ്ങള്‍ ഉണ്ടെന്നും നാം ഓര്‍ക്കുക. സ്റ്റാര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഓര്‍ക്കുക. സ്റ്റാര്‍ ആകാനും സ്റ്റാറായി നിലനില്ക്കാനും അത്ര എളുപ്പമല്ല. ചുറ്റുമുള്ള മറ്റ് നക്ഷത്രങ്ങളെ കാണുകയും അവയെ അംഗീകരിക്കുകയും ചെയ്യുക. ക്രിസ്മസ് കാലം മാത്രമല്ല. ജീവിതകാലം മുഴുവന്‍ വെളിച്ചം നിറഞ്ഞതാകട്ടെ നമുക്കീ ജീവിതം. ഏവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.