താരദമ്പതികൾ, വീട്ടിലും വെള്ളിത്തിരയിലും
text_fieldsമനാമ: ഒരുമിച്ചഭിനയിച്ചത് ഏഴു സിനിമകളിൽ. അതിൽ മൂന്നെണ്ണത്തിലും വേഷമിട്ടത് ഭാര്യാഭർത്താക്കന്മാരായി തന്നെ. നാടകപ്രവർത്തകരും സിനിമ താരങ്ങളുമായി പ്രവാസഭൂമിയുടെ അഭിമാനമായി വളർന്ന പ്രകാശ് വടകര- ജയ മേനോൻ ദമ്പതികളാണ് ഈ അപൂർവ ഭാഗ്യത്തിനുടമകൾ. ഇതിനുമുമ്പ് അനവധി നാടകങ്ങളിലും ഇരുവരും ദമ്പതികളായി അഭിനയിച്ചിട്ടുണ്ട്. ഇവർ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്ന പുതിയ സിനിമ ‘അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തുകയാണ്.
ബഹ്റൈനിലെ നാടകപ്രവർത്തനങ്ങൾക്കിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ബാങ്ക് ഉദ്യോഗസ്ഥയായി 1973ലാണ് തൃശൂർ കുന്നംകുളം സ്വദേശിനി ജയ മേനോൻ ബഹ്റൈനിലെത്തിയത്. 1982ൽ പ്രകാശ് വടകരയും പ്രവാസിയായി. അക്കാലത്ത് സജീവമായിരുന്ന നാടകവേദികളിൽവെച്ചുണ്ടായ പരിചയം 1990ൽ വിവാഹത്തിലെത്തി.
തുടർന്നിങ്ങോട്ട് ഒരുമിച്ചായി കലാപ്രവർത്തനങ്ങൾ. കേരളീയ സമാജത്തിലും ഇന്ത്യൻ ക്ലബിലുമായി നിരവധി നാടകങ്ങൾ ഇരുവരും സംവിധാനം ചെയ്തു. ‘കുറിയേടത്ത് താത്രി’ എന്ന നാടകം നാട്ടിലെയും വിദേശത്തെയും കലാസ്വാദകരുടെ പ്രശംസ പിടിച്ചുവാങ്ങി. താത്രിയായി ജയ മേനോനും രാമൻ നമ്പൂതിരിയായി പ്രകാശ് വടകരയും തകർത്തഭിനയിച്ചു.
മുപ്പതിൽപരം നാടകങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. കലാരംഗത്തെ സംഭാവനകൾ മുൻനിർത്തി സംസ്ഥാന സർക്കാർ, കേരള സംഗീത നാടക അക്കാദമി പ്രവാസി കലാശ്രീ പുരസ്കാരം നൽകി ഇരുവരെയും ആദരിച്ചിരുന്നു. പന്ത്രണ്ടിൽപരം സിനിമകളിൽ ഇരുവരും അഭിനയിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ആസിഫ് അലിയും റിമ കല്ലിങ്കലും അരങ്ങേറ്റം കുറിച്ച ‘ഋതു’വിലൂടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള എൻട്രി. ഐ.ടി കമ്പനി ഉടമകളായ ഭാര്യാഭർത്താക്കന്മാരുടെ വേഷമായിരുന്നു ‘ഋതു’വിൽ.
ലാൽജോസ് സംവിധാനം ചെയ്ത ‘മ്യാവൂ’വിൽ മമ്ത മോഹൻദാസിന്റെ ഉപ്പയും ഉമ്മയുമായി വേഷമിട്ടു. ഋതു, വെള്ളിവെളിച്ചത്തിൽ, ആദം ജോൺ, കുട്ടനാടൻ മാർപാപ്പ, കിങ് ഫിഷ്, മ്യാവൂ എന്നിവയാണ് ഒരുമിച്ചഭിനയിച്ച സിനിമകൾ. ലാൽജോസിന്റെ തന്നെ നീലത്താമര, ഡയമണ്ട് നെക്ലെസ്, സോഹൻ സീനു ലാൽ സംവിധാനം ചെയ്ത ഡബിൾസ് എന്നീ സിനിമകളിൽ ജയ മേനോൻ അഭിനയിച്ചു. ഡബിൾസിൽ മമ്മൂട്ടിയോടൊപ്പമായിരുന്നു അഭിനയം. ലാൽജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’, രഞ്ജിത്ത് സംവിധാനം ചെയ്ത ‘മാധവി’, അൽത്താഫ് സംവിധാനം ചെയ്ത ‘നീലി’, മധുപാലിന്റെ ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്നീ സിനിമകളിൽ പ്രകാശ് വടകര വേഷമിട്ടു.
ഇവർ നേതൃത്വം വഹിക്കുന്ന ബി.എം.സി ഫിലിം സൊസൈറ്റിയുടെ ആദ്യ പ്രോജക്ടാണ് ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേടാ’. ബി.എം.സിയുടെ അടുത്ത പ്രോജക്ടായ ‘ഷെൽട്ടർ’ എന്ന ആന്തോളജി സിനിമയിലും ഇരുവരും വേഷമിടുന്നുണ്ട്.
അഞ്ചു ചെറു സിനിമകൾ ചേർന്നതാണ് ഷെൽട്ടർ. ഇതിൽ ഓരോ സിനിമകൾ ഇരുവരും സംവിധാനം ചെയ്യുന്നു. മൂന്നു സിനിമകളുടെയും തിരക്കഥ രചിച്ചിരിക്കുന്നത് ജയ മേനോനാണ്. ഒരു സിനിമയിൽ ദമ്പതികളായിത്തന്നെ വേഷമിടുകയും ചെയ്യുന്നു. ജയ മേനോൻ എഴുതിയ ‘ഭ്രമകൽപനകൾ’ എന്ന നോവൽ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവൽ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.