ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നു
text_fieldsമനാമ: ഇൻഡക്സ് ബഹ്റൈൻ ഇന്ത്യൻ ക്ലബും ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു. അർഹരായ കുട്ടികൾക്ക് യൂനിഫോമും സ്റ്റേഷനറി ഐറ്റംസും നൽകും. കുറെ വർഷങ്ങളായി ബഹ്റൈനിൽ നടത്തുന്ന ഈ പ്രവർത്തനങ്ങൾ ഈ വർഷം വിപുലമാക്കാൻ തീരുമാനിച്ചതായി ഇൻഡക്സ് ഭാരവാഹികൾ അറിയിച്ചു. ഉപയോഗപ്രദമായ പാഠപുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കാൻ കുട്ടികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുക വഴി സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്ക് സഹായകരമാവും എന്നതും, പ്രകൃതി സംരക്ഷണത്തിൽ കുട്ടികളെ പങ്കാളികളാക്കാൻ കഴിയും എന്നതുമാണ് ഇൻഡക്സ് ബഹ്റൈൻ ഇത്തരം ഒരു സംരംഭത്തിന് രൂപംനൽകാനിടയാക്കിയത്.
പുസ്തകങ്ങൾ ഉണ്ടാക്കാനായി മരങ്ങൾ ആവശ്യമാണെന്നും ഉപയോഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതു വഴി നശിപ്പിക്കപ്പെടുന്ന മരങ്ങളുടെ എണ്ണം കുറയുമെന്നുമുള്ള ഉന്നത ബോധ്യം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പുസ്തകങ്ങൾ ശേഖരിക്കാനുള്ള ബോക്സുകൾ മിക്കവാറും എല്ലാ സംഘടനാ ആസ്ഥാനങ്ങളിലും വെച്ചിട്ടുണ്ട്. ഈ വർഷം കഴിയാവുന്നത്ര പുസ്തകങ്ങൾ ശേഖരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇൻഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുല്ല, സാനി പോൾ, അജി ഭാസി, അനീഷ് വർഗീസ്, നവീൻ നമ്പ്യാർ, ലത്തീഫ് ആയഞ്ചേരി, തിരുപ്പതി എന്നിവർ പറഞ്ഞു.
പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും നൽകാൻ താൽപര്യമുള്ളവർക്കും www.indexbahrain.com വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാം.ഇവിടെ നൽകിയിട്ടുള്ള ക്യു.ആർ കോഡ് വഴിയും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളായ റഫീക്ക് അബ്ദുല്ല (38384504), സാനി പോൾ (39855197), അജി ഭാസി (33170089), അനീഷ് വർഗീസ് (39899300), നവീൻ നമ്പ്യാർ (39257781), ലത്തീഫ് ആയഞ്ചേരി (39605806), തിരുപ്പതി (36754440) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.