സഞ്ചാരികളേ വരൂ...
text_fieldsമനാമ: രാജ്യത്തെ ടൂറിസം വികസനത്തിന് വിപുലമായ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു. 2022-2026 കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾ വ്യവസായ-വാണിജ്യ-വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് അൽ സയാനി പ്രഖ്യാപിച്ചു.
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി കഴിഞ്ഞദിവസം നടത്തിയ വാർത്തസമ്മേളനത്തിലാണ് ടൂറിസം മേഖലക്ക് പുതുജീവൻ നൽകുന്ന പദ്ധതികൾ മന്ത്രി അവതരിപ്പിച്ചത്. സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച സാമ്പത്തിക പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി രാജ്യത്തിെൻറ സാമ്പത്തികരംഗം വൈവിധ്യവത്കരിക്കുന്നതിനുതകുന്ന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന വർധിപ്പിക്കുകയാണ് മുഖ്യലക്ഷ്യം. 2026 ആകുേമ്പാൾ ജി.ഡി.പിയിൽ ടൂറിസം മേഖലയിൽ നിന്നുള്ള വിഹിതം 11.4 ശതമാനമായി ഉയർത്തും. 2019ൽ ഇത് 6.8 ശതമാനമായിരുന്നു. എന്നാൽ, കോവിഡ് പ്രത്യാഘാതം രൂക്ഷമായി നേരിട്ട 2020ൽ ടൂറിസം മേഖലയുടെ വിഹിതം 2.4 ശതമാനമായി കുറഞ്ഞു. ഇൗ വർഷം അൽപം മെച്ചപ്പെട്ട് 3.9 ശതമാനമായി ഉയർന്നിട്ടുണ്ട്. ടൂറിസം മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2026ൽ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 ആകുേമ്പാൾ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം 14.1 മില്യൺ ആയി ഉയർത്തുകയാണ് മറ്റൊരു ലക്ഷ്യം. 2019ൽ സന്ദർശകരുടെ എണ്ണം 11.1 മില്യൺ ആയിരുന്നു. എന്നാൽ, 2020ൽ സന്ദർശകരുടെ വരവ് വൻതോതിൽ കുറഞ്ഞു. 1.9 മില്യൺ സന്ദർശകർ മാത്രമാണ് കഴിഞ്ഞവർഷം ബഹ്റൈനിൽ എത്തിയത്. ഇൗവർഷം ഇത് 4.5 മില്യൺ ആയി ഉയർന്നിട്ടുണ്ട്.
ഇതുകൂടാതെ, സന്ദർശകർ പ്രതിദിനം ചെലവഴിക്കുന്ന ശരാശരി തുക 74.8 ദീനാറായി ഉയർത്തുക, സന്ദർശകരുടെ ശരാശരി താമസ കാലയളവ് 3.5 ദിവസമാക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.
2016-2019 കാലയളവിൽ നടപ്പാക്കിയ ടൂറിസം പദ്ധതിയുടെ തുടർച്ചയായാണ് പുതിയവ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണമാണ് രണ്ടാംഘട്ടം തുടങ്ങുന്നത് വൈകിയത്.
ലക്ഷ്യമിടുന്ന പദ്ധതികൾ
ബഹ്റൈനെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് അടുത്ത ഘട്ടത്തിൽ നടപ്പാക്കുന്നത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികളും ഉണ്ടാകും.
സിനിമ ചിത്രീകരണത്തിനുള്ള അവസരം ഒരുക്കുന്നതിലൂടെ വിദേശ സിനിമ സംഘങ്ങൾ ബഹ്റൈനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബി, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി ഏതു ഭാഷയിലുമുള്ള സിനിമകൾ ഇവിടെ ചിത്രീകരിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈെൻറ മഹത്തായ ചരിത്രവും സംസ്കാരവും ലോകത്തെ പരിചയപ്പെടുത്താൻ ഇത് സഹായിക്കും.
ആഗോളതലത്തിലെ മികച്ച ട്രാവൽ ഏജൻറുമാരെ സഹകരിപ്പിച്ചാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. കൂടുതൽ ബീച്ചുകൾ, ബിസിനസ് ടൂറിസം, സ്പോർട്സ് ടൂറിസം, റിക്രിയേഷനൽ ടൂറിസം, മെഡിക്കൽ ടൂറിസം, സാംസ്കാരിക ടൂറിസം, മീഡിയ ടൂറിസം തുടങ്ങിയവാണ് നടപ്പാക്കുന്ന മറ്റു പ്രധാന പദ്ധതികൾ. അടുത്തവർഷം അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്ന് കരുതുന്ന സഖീറിലെ പുതിയ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നടപ്പാക്കുന്ന ബഹ്റൈൻ ബീച്ച് ബേ പ്രോജക്ട്, ഖലാലി ബീച്ച് പദ്ധതി, ഡൈവിങ് പദ്ധതി എന്നിവയെല്ലാം ടൂറിസത്തിന് ഉണർവുപകരും. കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ച അൽ ദാന തിയറ്ററും മറ്റൊരു നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.