വാണിജ്യ സ്ഥാപനം താമസസ്ഥലമായി ഉപയോഗിച്ചു; സി.ആർ ഉടമക്കെതിരെ നടപടി
text_fieldsമനാമ: വാണിജ്യ സ്ഥാപനമെന്ന രീതിയിൽ രജിസ്റ്റർ ചെയ്ത കെട്ടിടം തൊഴിലാളികളുടെ താമസ സ്ഥലമായി ഉപയോഗിച്ച സ്ഥാപനത്തിനെതിരെ നടപടി. വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
കടകളും സ്ഥാപനങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തുടനീളം പരിശോധന നടത്തുന്നത്. മന്ത്രാലയത്തിൽ ഷോപ്പായാണ് കെട്ടിടം രജിസ്റ്റർ ചെയ്തിരുന്നത്. വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) എടുക്കുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രാലയ ഇൻസ്പെക്ടർമാർ ഈ സ്ഥാപനത്തിലെത്തിയപ്പോൾ ബിസിനസ് നടക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.
സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ട് സൈൻ ബോർഡും സ്ഥാപിച്ചിരുന്നു. ഇൻസ്പെക്ടർമാർ ഉള്ളിൽ കയറി പരിശോധിച്ചപ്പോൾ താമസക്കാരുടെ വസ്ത്രങ്ങളും മറ്റുമാണ് കണ്ടത്. ചില മുറികളിൽ തറയിൽ നിരവധി മെത്തകളും കണ്ടെത്തി. വീട്ടുപകരണങ്ങൾ ശരിയായി സ്ഥാപിച്ചിരുന്നില്ല. ഇത് സുരക്ഷാഭീഷണി ഉയർത്തുന്നതായി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തി.
കെട്ടിടം മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് വാണിജ്യ സ്ഥാപനമായിട്ടാണ്. അത് വസതിയായി ഉപയോഗിച്ചത് നിയമലംഘനമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സി.ആർ ഉടമക്കെതിരെ നിയമനടപടികൾ ആരംഭിക്കാനും ശിപാർശ ചെയ്തു. തുടർ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
എല്ലാ പൗരന്മാരോടും താമസക്കാരോടും നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും കെട്ടിടങ്ങൾക്ക് അതതിന്റെ ലൈസൻസുകൾ ഉണ്ടെന്ന് ഉറപ്പാക്കാനും അധികാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.