ഗാർഹിക തൊഴിലാളികൾക്ക് അപകടം സംഭവിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരം
text_fieldsഗാർഹിക തൊഴിലാളികൾ (വീട്ടുവേലക്കാർ, വീട് സെക്യൂരിറ്റിക്കാർ, നാനീസ് (കുട്ടികളെ നോക്കുന്നവർ), വീട്ടുഡ്രൈവർമാർ, പാചകക്കാർ തുടങ്ങിയവർ) തൊഴിൽ നിയമത്തിെൻറ പരിധിയിൽ വരും. അവരെ നിയമത്തിെൻറ ചില വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, തൊഴിൽ സമയം. ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ കരാർ ഉണ്ടായിരിക്കണം. വാർഷിക അവധി 30 ദിവസം കിട്ടും. തൊഴിൽ കരാർ തീർത്ത് പോകുേമ്പാൾ ലീവിങ് ഇൻഡെമ്നിറ്റി കിട്ടാൻ അർഹതയുണ്ട്. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ തൊഴിൽ മന്ത്രാലയത്തെയോ തൊഴിൽ കോടതിയെയോ സമീപിക്കാനും ഗാർഹിക തൊഴിലാളികൾക്ക് അവകാശമുണ്ട്.
ഗാർഹിക തൊഴിലാളികൾക്ക് സോഷ്യൽ ഇൻഷുറൻസ് ബാധകമല്ല. എന്നാൽ, ജോലി ചെയ്യുേമ്പാൾ ഉണ്ടാകുന്ന അപകടത്തിൽ പരിക്കേൽക്കുകയോ മരിക്കുകയോ ജോലിയെത്തുടർന്ന് എന്തെങ്കിലും അസുഖം ബാധിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. ഗാർഹിക തൊഴിലാളിക്ക് ജോലിസമയത്ത് പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്താൽ അല്ലെങ്കിൽ ജോലിക്ക് ഹാജരാകാൻ സാധിക്കാതെ വന്നാൽ തൊഴിലുടമ 24 മണിക്കൂറിനകം പൊലീസ്, തൊഴിൽ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവിടങ്ങളിൽ അറിയിക്കണം. തൊഴിലാളിയുടെ പേര്, രാജ്യം, മേൽവിലാസം, സി.പി.ആർ നമ്പർ, എന്താണ് സംഭവിച്ചത് തുടങ്ങിയ എല്ലാ വിവരങ്ങളും നൽകണം.
പരിക്കേറ്റ തൊഴിലാളിയെ സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ തൊഴിലുടമയുടെ ചെലവിൽ ചികിത്സിക്കണം. ചെലവിനെക്കുറിച്ച് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതിനുള്ള പരിഹാരം മെഡിക്കൽ കമീഷൻ തീരുമാനിക്കും. മെഡിക്കൽ കമീഷന് താഴെ പറയുന്ന കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമുണ്ട്.
1. തൊഴിലാളിക്ക് ജോലിയെത്തുടർന്ന് എന്തെങ്കിലും അസുഖമുണ്ടായിട്ടുണ്ടോ?
2. പരിക്കേറ്റ തൊഴിലാളിക്ക് അംഗവൈകല്യം സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര ശതമാനം?
3. ചികിത്സ പൂർത്തിയായോ?
4. ചികിത്സയുടെ കാര്യത്തിലോ അതിെൻറ ചെലവിെൻറ കാര്യത്തിലോ തർക്കമുണ്ടായാൽ അതിൽ തീർപ്പുകൽപിക്കുക
മെഡിക്കൽ കമീഷൻ എടുക്കുന്ന തീരുമാനത്തിൽ തൃപ്തിയില്ലെങ്കിൽ 15 ദിവസത്തിനകം അപ്പലേറ്റ് മെഡിക്കൽ കമീഷന് അപ്പീൽ നൽകാം.
പരിക്കേറ്റ തൊഴിലാളിക്ക് ചികിത്സസമയത്ത് ശമ്പളം നൽകണം. ചികിത്സ ആറു മാസത്തിൽ കൂടിയാൽ പരിക്ക് സുഖമാകുന്നതുവരെയോ അംഗവൈകല്യം നിശ്ചയിക്കുന്നതുവരെയോ ശമ്പളത്തിെൻറ പകുതി നൽകണം.
താഴെ പറയുന്ന കാരണങ്ങൾകൊണ്ടാണ് പരിക്കുണ്ടായതെങ്കിൽ നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ ലഭിക്കാൻ അർഹതയില്ല.
1. സ്വയമുണ്ടാക്കിയ പരിക്ക്
2. തെറ്റായ പ്രവൃത്തികൊണ്ട്. ഉദാഹരണത്തിന് മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം കാരണം
3. തൊഴിലുടമയുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുക, ആരോഗ്യസുരക്ഷ, നിയമ നിർദേശങ്ങൾ പാലിക്കാതിരിക്കുക.
ഇവയെല്ലാം തെളിയിക്കേണ്ടത് തൊഴിലുടമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.