ലഘുവായ അപകടങ്ങളിൽ ഇൻഷുറൻസ് കമ്പനി മുഖേന പരിഹാരം: പുതിയ സംവിധാനം ഏറ്റെടുത്ത് സ്വദേശികളും പ്രവാസികളും
text_fieldsമനാമ: ബന്ധപ്പെട്ട കക്ഷികൾ ധാരണയിലെത്തുന്ന ലഘുവായ ട്രാഫിക് അപകടങ്ങൾ ഇൻഷുറൻസ് കമ്പനി മുഖേന പരിഹരിക്കുന്ന സംവിധാനത്തിന് മികച്ച പ്രതികരണം. ഇ-ട്രാഫിക് ആപ് വഴി അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള പൗരന്മാരുടെയും പ്രവാസികളുടെയും സന്നദ്ധത പ്രശംസനീയമാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൽറഹ്മാൻ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ഒരാഴ്ച മുമ്പാണ് പുതിയ സംവിധാനം ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അവതരിപ്പിച്ചത്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി, ബഹ്റൈൻ ഇൻഷുറൻസ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സമയലാഭത്തിനും പുതിയ സംവിധാനം സഹായിക്കും. ഇൻഷുറൻസ് കമ്പനികൾ മുഖേന കേസുകൾ പരിഹരിക്കുന്ന സംവിധാനത്തിന് ഡയറക്ടറേറ്റിെൻറ മേൽനോട്ടമുണ്ടാകുമെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. എല്ലാ കക്ഷികളുടെയും താൽപര്യം സംരക്ഷിക്കുന്നുവെന്ന് ഇത് ഉറപ്പാക്കും. അതേസമയം, ഇരുകക്ഷികളും പരസ്പര ധാരണയിൽ എത്താത്ത അപകടങ്ങൾ ഡിപ്പാർട്ട്മെൻറ് നേരിട്ട് കൈകാര്യം ചെയ്യും. ഇ-ചാനൽ വഴി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സേവനം അവതരിപ്പിച്ച ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റിയെയും അദ്ദേഹം അഭിനന്ദിച്ചു.
പുതിയ സംവിധാനത്തിെൻറ പ്രത്യേകതകൾ:
അപകടത്തിൽപ്പെടുന്ന എല്ലാ കക്ഷികളും ധാരണയിൽ എത്തുന്ന കേസുകളിലാണ് ഇൗ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയുക. ധാരണയിൽ എത്തിയാൽ ഇ- ട്രാഫിക് മൊബൈൽ ആപ് വഴിയോ ഇൻഷുറൻസ് ഇലക്ട്രോണിക് ഫോറം പൂരിപ്പിച്ചോ അപകടം റിപ്പോർട്ട് ചെയ്യണം. ആർക്കെങ്കിലും പരിക്കേൽക്കുന്ന അപകടമാണെങ്കിൽ ഇൗ രീതിയിൽ പരിഹരിക്കാൻ കഴിയില്ല.
അപകടത്തിനിരയായ ഡ്രൈവർ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, അപകടത്തിനിടയാക്കിയ ഡ്രൈവർ തെറ്റ് സമ്മതിക്കണം. ഇതിന് ഇ-ട്രാഫിക് ആപ്പിലെ 'Traffic Accident Acknowledgment'സേവനം ഉപയോഗിക്കാം. അല്ലെങ്കിൽ bahrain.bh എന്ന നാഷനൽ പോർട്ടൽ വഴിയും റിപ്പോർട്ട് ചെയ്യാവുന്നതാണ്. അപകടത്തിനിടയാക്കിയ ഡ്രൈവറാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ അത് കുറ്റസമ്മതമായി കണക്കാക്കും. തുടർന്ന്, അപകടത്തിനിടയാക്കിയ വാഹനത്തിെൻറ ഉത്തരവാദിത്തമുള്ള ഇൻഷുറൻസ് കമ്പനിയുടെ ഒാഫിസിൽ എല്ലാ കക്ഷികളും 48 മണിക്കൂറിനകം ഹാജരാകണം.
ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഇൗ സേവനം ലഭ്യമാകുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഡോ. സക്കരിയ അഹ്മദ് അൽ ഖാജ പറഞ്ഞു. ഇ-ട്രാഫിക് ആപ്പിൽ പുതിയ സേവനം കാണുന്നില്ലെങ്കിൽ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം. ആപ്പിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനും റിപ്പോർട്ട് ചെയ്ത കേസുകളുടെ തുടർ വിവരങ്ങൾ അറിയാനുമുള്ള സൗകര്യമുണ്ട്. സ്വദേശികൾക്കും പ്രവാസികൾക്കും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കും ഇൗ സേവനം പ്രയോജനപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.