പാസ്പോർട്ട് പുതുക്കിക്കിട്ടാൻ വൈകുന്നതായി പരാതി
text_fieldsമനാമ: ബഹ്റൈനിൽ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കിക്കിട്ടാൻ കാലതാമസം വരുന്നതായി ആക്ഷേപം. അത്യാവശ്യമായി പാസ്പോർട്ട് പുതുക്കി കിട്ടേണ്ടവരാണ് ഇതുമൂലം പ്രയാസത്തിലായത്. നേരത്തേ മൂന്നോ നാലോ ദിവസം കൊണ്ട് പാസ്പോർട്ട് ലഭ്യമായിരുന്നെങ്കിൽ ഇപ്പോൾ രണ്ടാഴ്ചയിലധികം എടുക്കുന്നുണ്ട്. ഒരു പ്രിന്‍റർ തകരാറിലായതിനാൽ ഇന്ത്യയിൽനിന്നാണ് ഇപ്പോൾ പാസ്പോർട്ട് പ്രിന്‍റ് ചെയ്യുന്നത്. ഇതാണ് കാലതാമസത്തിന് കാരണമെന്ന് പറയുന്നു.
വിസ പുതുക്കുന്ന സമയത്ത് പാസ്പോർട്ടിന് ആറുമാസത്തെ കാലാവധി വേണമെന്നാണ് ചട്ടം. പല സ്ഥാപനങ്ങളും വിസ പുതുക്കേണ്ട സമയം ആകുമ്പോഴാണ് ജീവനക്കാരുടെ പാസ്പോർട്ടിന്റെ കാലാവധി നോക്കുക. ആറുമാസമില്ലെങ്കിൽ ഉടൻ പുതുക്കി നൽകേണ്ടി വരും. എന്നാൽ, പാസ്പോർട്ട് പുതുക്കിക്കിട്ടാൻ വൈകിയാൽ വിസ റദ്ദാകുന്നതിന് കാരണമാകും.
ഇതുപോലെ, അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവർക്കും പാസ്പോർട്ട് പുതുക്കിക്കിട്ടാൻ വൈകുന്നത് പ്രശ്നമാകുന്നുണ്ട്. അത്യാവശ്യമായി പാസ്പോർട്ട് ആവശ്യമായവർക്ക് 60 പേജിന്റെ പാസ്പോർട്ടിന് അപേക്ഷിക്കാനാണ് ഇപ്പോൾ ഏജൻസിയിൽനിന്ന് നിർദേശിക്കുന്നത്. ഈ പാസ്പോർട്ട് ബഹ്റൈനിൽതന്നെ പ്രിന്‍റ് ചെയ്യുന്നതിനാൽ വേഗത്തിൽ ലഭിക്കും. പാസ്പോർട്ട് പുതുക്കി കിട്ടാൻ വൈകുന്നതുമൂലം നിരവധി പേർ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് പറഞ്ഞു.
പാസ്പോർട്ട് പുതുക്കുവാൻ ഇപ്പോൾ ഏകദേശം 25 ദിവസത്തോളം എടുക്കുന്നുണ്ട്. ഏജൻസിയിൽ അപ്പോയിന്‍റ്മെന്‍റ് കിട്ടുവാൻ ഏഴുദിവസം വേറെയും എടുക്കുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തോളമായി ഇതുതന്നെയാണ് അവസ്ഥ. പ്രശ്നം പരിഹരിക്കാൻ അടിയന്തരമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാസ്പോർട്ട് വൈകുന്നത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പരമാവധി രണ്ടാഴ്ചക്കുള്ളിൽത്തന്നെ എല്ലാവർക്കും പാസ്പോർട്ട് നൽകാറുണ്ട്. ചില ആളുകളുടെ കാര്യത്തിൽ നാട്ടിൽനിന്നുള്ള പൊലീസ് വെരിഫിക്കേഷന് അൽപം സമയം എടുക്കുന്നുണ്ട്. അത്തരം ആളുകൾ നേരിട്ട് നാട്ടിലെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടാൽ വേഗത്തിൽ വെരിഫിക്കേഷൻ നടന്നുകിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.