കുട്ടികളുടെ പരാതികൾ; ഓംബുഡ്സ്മാൻ ഓഫിസ് ശിൽപശാല നടത്തി
text_fieldsമനാമ: ബ്രിട്ടീഷ് എംബസിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസിന്റെയും സഹകരണത്തോടെ ഓംബുഡ്സ്മാൻ ഓഫിസ് കുട്ടികളുടെ പരാതികൾ സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു. ബഹ്റൈനിൽ തടങ്കലിലോ കസ്റ്റഡിയിലോ ഉള്ള 15 മുതൽ 18 വരെ വയസ്സുള്ള കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യുന്ന ഓംബുഡ്സ്മാനിൽ പുതിയ ഡിവിഷൻ ആരംഭിച്ചതായി ശിൽപശാലയിൽ പ്രഖ്യാപനമുണ്ടായി.
ബ്രിട്ടീഷ് എംബസിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസിന്റെയും സഹകരണത്തോടെയാണ് ഓംബുഡ്സ്മാൻ ഓഫിസ്, ശിൽപശാല സംഘടിപ്പിച്ചത്. ഈ സംവിധാനം ബഹ്റൈന്റെ യൂനിവേഴ്സൽ പീരിയോഡിക് റിവ്യൂ (യു.പി.ആർ) പദ്ധതിയുമായി ബന്ധപ്പെടുത്തി മെച്ചപ്പെട്ട പരാതി സംവിധാനങ്ങളിലൂടെ കുട്ടികൾക്കുള്ള സംരക്ഷണം വർധിപ്പിക്കും.
അന്താരാഷ്ട്ര വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യാനും ഫലപ്രദമായ മാർഗങ്ങൾ വികസിപ്പിക്കാനുമുള്ള രീതികളെക്കുറിച്ച് ചർച്ച ചെയ്തു. കുട്ടികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ നിയമകാര്യ- മനുഷ്യാവകാശ ഡയറക്ടർ ജനറൽ യൂസഫ് അബ്ദുൽ കരീം ബുച്ചേരി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രത്യേക സംവിധാനങ്ങളിലൂടെ അവരുടെ പരാതികൾ പരിഹരിക്കാനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ അലസ്റ്റർ ലോംഗ് അഭിനന്ദിച്ചു.
വിദേശകാര്യ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, ദേശീയ മനുഷ്യാവകാശ സ്ഥാപനം തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.