വിദ്യാഭ്യാസ ലോകത്തിന് പുതിയ ഉൾക്കാഴ്ച പകർന്ന് ‘എജു കഫേ’ക്ക് പ്രൗഢ സമാപനം
text_fieldsമനാമ: ഉപരിപഠന സാധ്യതകൾ, കോഴ്സുകൾ, കോളജുകൾ, തെരഞ്ഞെടുക്കേണ്ട വിഷയങ്ങൾ, സ്കോളർഷിപ്പുകൾ, എ.ഐ സാധ്യതകൾ, പാരന്റിങ്, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങി ആധുനിക കാലത്ത് വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം പകർന്നുനൽകി രണ്ടുദിവസം നീണ്ട `എജുകഫേ'ക്ക് സമാപനം. ‘ഗൾഫ് മാധ്യമം’ ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച ‘എജുകഫേ’യിൽ ബഹ്റൈനിലെയും വിദേശത്തെയും ഇന്ത്യയിലേയും നിരവധി യൂനിവേഴ്സിറ്റികളുടെ സ്റ്റാളുകൾ നിരന്നിരുന്നു. സുവർണാവസരം പ്രയോജനപ്പെടുത്താൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നീണ്ടനിര ദൃശ്യമായിരുന്നു. ബഹ്റൈൻ പാർലമെന്റ് അംഗവും ഫോറിൻ അഫയേഴ്സ് ആൻഡ് നാഷനൽ സെക്യൂരിറ്റി സമിതി അംഗവുമായ മറിയം അൽ ദേനാണ് ‘എജു കഫേ’യുടെ ഉദ്ഘാടനം നിർവഹിച്ചത്.
ആദ്യ ദിവസം എ.ഐ വിദഗ്ധനും ഗ്രീൻപെപ്പർ + എ.ഐയുടെ സി.ഇ.ഒയായ കൃഷ്ണ കുമാറിന്റെ സെഷനും മജീഷ്യൻ രാജമൂർത്തിയുടെ മാസ്മരിക പ്രകടനവും നടന്നു. രണ്ടാം ദിവസമായ ശനിയാഴ്ച പ്രഫ. എം.എച്ച്. ഇല്യാസ് ഏറ്റവുമധികം ഡിമാൻഡുള്ള കോഴ്സുകളെപ്പറ്റിയും വിദ്യാർഥികൾക്ക് വിദേശത്തും സ്വദേശത്തും ലഭിക്കാൻ സാധ്യതയുള്ള സ്കോളർഷിപ്പുകളെപ്പറ്റിയും നടത്തിയ ക്ലാസ് അത്യധികം വിജ്ഞാന പ്രദമായിരുന്നു.
പാരന്റിങ്ങിന്റെ വിവിധ വശങ്ങൾ ശാസ്ത്രീയമായി പ്രതിപാദിച്ച് ഡോ. സൗമ്യ സരിൻ ബഹ്റൈനിന്റെ മനം കവർന്നു.പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ സദസ്സുമായി സംവദിച്ച ടോപ്പേഴ്സ് ടോക്കും നടന്നു. രേവതി അവതാരകയായിരുന്ന പരിപാടിയിൽ വിദ്യാർഥികൾ തങ്ങളുടെ വിജയത്തിനു പിന്നിലെ രഹസ്യങ്ങൾ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.
ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുത്ത പ്രിൻസിപ്പൽ ടോക്ക് പുതിയ അനുഭവമായിരുന്നു. അധ്യാപകരുടെ കാഴ്ചപ്പാടുകൾ വിദ്യാർഥികൾക്ക് അറിയാൻ പരിപാടി പ്രയോജനകരമായി.
സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക്
മനാമ: ഇന്ന് ഏറ്റവുമധികം ഡിമാൻഡുള്ള കോഴ്സുകളെപ്പറ്റിയും വിദേശത്തും സ്വദേശത്തും ലഭിക്കാൻ സാധ്യതയുള്ള സ്കോളർഷിപ്പുകളെപ്പറ്റിയും മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ടിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ എം.എച്ച്. ഇല്യാസ് സംസാരിച്ചത് പ്രയോജനപ്രദമായിരുന്നു. പവർപോയന്റ് പ്രസന്റേഷനിലൂടെ വിവിധ കോഴ്സുകളൂടെ ഗുണഗണങ്ങൾ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
മാജിക്കൽ റിയലിസം
മനാമ: മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനും പഠനം ഫലപ്രദമാക്കാനും മാജക്കുണ്ടോ. മായാജാലത്തിന്റെയും മെന്റലിസത്തിന്റെയും അകമ്പടിയോടെ പ്രഫഷനൽ മജീഷ്യൻ രാജമൂർത്തി സദസ്സിനോട് സംവദിച്ചു. മാജിക് അക്കാദമിയുടെ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ മായാജാല പ്രകടനം അറിവും വിനോദവും ഒരേസമയം പകരുന്നതായിരുന്നു. 1996 മുതൽ ഈ രംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ അറിവ് അത്ഭുതം സൃഷ്ടിക്കുന്നവയായിരുന്നു.
ചലച്ചിത്ര മേഖലയിലും കൺസൾട്ടന്റ് മജീഷ്യനായി പ്രവർത്തിക്കുന്ന അദ്ദേഹം തന്റെ അനുഭവങ്ങളിലൂടെ പഠനത്തെയും പരീക്ഷയെയും പുഷ്പം പോലെ നേരിടാനും ജീവിതവിജയം എങ്ങനെ കൈവരിക്കാം എന്നതും സംബന്ധിച്ച വിശദമായ ഉൾക്കാഴ്ചകൾ വിദ്യാർഥികൾക്ക് നൽകി.
എ.ഐയുടെ അനന്ത സാധ്യതകൾ, കൗതുകമുയർത്തി പ്രഭാഷണം
മനാമ: നിര്മിത ബുദ്ധി (എ.ഐ) അതിവേഗം വളര്ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അതു പഠിക്കാതെ മുന്നോട്ടുപോകാൻ ആർക്കു കഴിയും. എ.ഐ വിദഗ്ധനും ഗ്രീൻപെപ്പർ + എ.ഐയുടെ സി.ഇ.ഒയുമായ കൃഷ്ണകുമാറിന്റെ സെഷൻ കുട്ടികൾക്കും മുതിർന്നവർക്കും അറിവും അത്ഭുതവും നൽകുന്നതായിരുന്നു. ഏത് തൊഴിൽ മേഖലയായാലും എ.ഐ ടൂളുകൾ ഉപയോഗിച്ചാൽ തൊഴിൽ എളുപ്പമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
എ.ഐ ടൂളുകളെ കരിയർ വികസനത്തിന് എങ്ങനെ ഉപയുക്തമാക്കാം, സാധ്യതകളെ എങ്ങനെ വികസിപ്പിക്കാം എന്നത് സംബന്ധിച്ചും സെഷൻ പുതിയ അറിവുകൾ പകർന്നു. ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ എന്നിവയിലടക്കം 300ലധികം വർക്ക്ഷോപ്പുകൾ നടത്തിയിട്ടുള്ള അദ്ദേഹം ഡിജിറ്റൽ പ്രോജക്ടുകളുടെ ഉദാഹരണങ്ങളിലൂടെ നൽകിയ ക്ലാസ് വിജ്ഞാനപ്രദമായിരുന്നു.
പാരന്റിങ്ങിന്റെ ആധുനിക സമീപനം പരിചയപ്പെടുത്തി ഡോ. സൗമ്യ സരിൻ
മനാമ: സമൂഹമാധ്യമങ്ങളിലെ വിജ്ഞാനപ്രദമായ ആരോഗ്യക്ലാസുകളിലൂടെ ജന മനസ്സുകളെ കീഴടക്കിയ ഡോ. സൗമ്യ സരിന്റെ സെഷൻ പുതിയ അനുഭവമായിരുന്നു. വിദ്യാർഥികളുടെ കരിയർ ഡെവലപ്മെന്റിന് ഉതകുന്ന തരത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണം സംബന്ധിച്ച വിശദമായ ക്ലാസ് കേൾക്കാൻ നിരവധി പേരെത്തിയിരുന്നു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങൾക്കും ഡോക്ടർ ശാസ്ത്രീയമായ മാർഗനിർദേശങ്ങളും മറുപടിയും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.