തൊഴിൽ കരാറിൽ കാണിച്ചിരിക്കേണ്ട വ്യവസ്ഥകൾ
text_fieldsതൊഴിൽ നിയമപ്രകാരവും എൽ.എം.ആർ.എ നിയമപ്രകാരവും തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒരു തൊഴിൽ കരാർ ഉണ്ടായിരിക്കണം. തൊഴിൽ കരാർ അറബി ഭാഷയിൽ ആയിരിക്കണം. ഇംഗ്ലീഷിൽ ആണെങ്കിൽ അതിെൻറ അറബി പരിഭാഷ വേണം.
തൊഴിൽ കരാർ കമ്പനിയുടെ ലെറ്റർ ഹെഡിലോ സ്റ്റാമ്പ് പേപ്പറിലോ ആണ് തയാറാക്കേണ്ടത്. തൊഴിലാളിയും തൊഴിൽ ഉടമ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ വ്യക്തിയും അതിൽ ഒപ്പുവെക്കണം.
തൊഴിൽ കരാറിൽ കാണിച്ചിരിക്കേണ്ട ചുരുങ്ങിയ വ്യവസ്ഥകൾ ഇവയാണ്:
1. തൊഴിലുടമയുടെ പേര്, വിലാസം, സി.ആർ നമ്പർ
2. തൊഴിലാളിയുടെ പേര്, വിലാസം, ജനന തീയതി, യോഗ്യത, തൊഴിൽ, തൊഴിൽ സ്ഥലത്തെ വിലാസം, പാസ്പോർട്ട് നമ്പർ അല്ലെങ്കിൽ സി.പി.ആർ നമ്പർ
3. തൊഴിൽ കരാർ ഒരു നിശ്ചിത കാലത്തേക്കാണെങ്കിൽ അതിെൻറ കാലാവധി
4. ശമ്പളം കൊടുക്കുന്ന രീതിയും സമയവും (അതായത്, ദിവസത്തിൽ/മാസത്തിൽ, പണമായോ അല്ലാതെയോ തുടങ്ങിയ വിവരങ്ങൾ)
5. നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ
6. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച് മറ്റ് വ്യവസ്ഥകൾ
7. എന്തെങ്കിലും പ്രത്യേക വ്യവസ്ഥകൾ ഉണ്ടെങ്കിൽ അതും കരാറിൽ കാണിച്ചിരിക്കണം.
മൂന്ന് മാസത്തെ പ്രൊബേഷൻ തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്യാം. പ്രൊബേഷൻ കലയളവിൽ തൊഴിലുടമക്കും തൊഴിലാളിക്കും ഒരു ദിവസത്തെ നോട്ടീസ് നൽകി തൊഴിൽ കരാർ അവസാനിപ്പിക്കാം. തൊഴിൽ കരാറിൽ വ്യവസ്ഥ ഇല്ലെങ്കിൽ പ്രൊബേഷൻ പാടില്ല. ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ തൊഴിൽ കരാറിൽ പറയാത്ത തൊഴിൽ ചെയ്യാൻ തൊഴിലാളിയോട് ആവശ്യപ്പെടാൻ പാടില്ല.
തൊഴിൽ കരാറിന് രണ്ട് കോപ്പികൾ വേണം. ഒരു കോപ്പി തൊഴിലുടമയും ഒരു കോപ്പി തൊഴിലാളിയും സൂക്ഷിക്കണം. തൊഴിൽ കരാറിൽ തൊഴിലുടമയുടെ ആഭ്യന്തര ചട്ടങ്ങൾ പറയുന്നുണ്ടെങ്കിൽ അതും തൊഴിൽ കരാറിനൊപ്പം തൊഴിലാളിക്ക് നൽകണം.
അതിലും തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെക്കണം. എങ്കിൽ മാത്രമേ അത് തെളിവായി സ്വീകരിക്കൂ. എന്തെങ്കിലും കാരണവശാൽ, എഴുതിയ തൊഴിൽ കരാർ ഇല്ലെങ്കിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എത്രയെന്ന് തെളിയിക്കേണ്ടത് തൊഴിലാളിയുടെ കടമയാണ്.
തൊഴിൽ കരാറിൽ എന്തെങ്കിലും വ്യവസ്ഥകൾ ഇല്ലെങ്കിൽ അത് തൊഴിൽ നിയമപ്രകാരമാണ് കണക്കാക്കുക. അതായത്, വാർഷിക അവധിയുടെ കാര്യം പറയുന്നില്ലെങ്കിൽ അത് ഒരുവർഷം 30 ദിവസമായിരിക്കും.
വിസക്കുവേണ്ടി അപേക്ഷിക്കുന്ന സമയത്ത് തൊഴിൽ കരാർ എൽ.എം.ആർ.എയിൽ കൊടുക്കണം. എങ്കിൽ മാത്രമേ വിസ ലഭിക്കുകയുള്ളൂ. തൊഴിൽ കരാറിൽ കാണിച്ചിരിക്കുന്ന ശമ്പളത്തിെൻറ അടിസ്ഥാനത്തിലാണ് സോഷ്യൽ ഇൻഷുറൻസ് വിഹിതം കണക്കാക്കുന്നതും തൊഴിൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതും. ഉദാഹരണത്തിന് പിരിഞ്ഞുപോകുേമ്പാൾ ലഭിക്കുന്ന ലീവിങ് ഇൻഡെമ്നിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.