ബഹ്റൈനിൽ നിന്ന് അനുശോചന പ്രവാഹം
text_fieldsസോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിന് നികത്താൻ കഴിയാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ സൗമ്യതയോടെ സമൂഹത്തിന് നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹം. സമുദായ നേതാവ് എന്നതിനേക്കാൾ രാഷ്ട്രീയ-ആത്മീയ രംഗങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെയാണ് കേരളീയസമൂഹത്തിന് നഷ്ടമായത്. കേരളീയ നവോത്ഥാന രംഗത്തും വിദ്യാഭ്യാസ രംഗത്തും അനൽപമായ സംഭാവനകളർപ്പിച്ച നേതാവായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തിന്റെ ഐക്യത്തിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലും വിശാലതയോടുകൂടിയുള്ള നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റൈൻ കേരളീയസമാജം
കേരള രാഷ്ട്രീയ ചരിത്രത്തിൽ വ്യക്തിപരമായ സൂക്ഷ്മത പാലിക്കുകയും സാമൂഹിക ഭദ്രതക്കുവേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്ത ആത്മീയ സ്പർശമുള്ള രാഷ് ട്രീയക്കാരനായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അനുശോചന സന്ദേശത്തിൽ പറഞ്ഞു. വാക്കുകളിൽ പോലും മിതത്വം പാലിച്ച അദ്ദേഹം സാമൂഹികവും സാമുദായികവുമായി ഉന്നതിയിലിരിക്കുമ്പോഴും അശരണർക്കും സാധാരണക്കാർക്കും സമീപസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ ബഹ്റൈൻ കേരളീയസമാജവും പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യൂത്ത് ഇന്ത്യ ബഹ്റൈൻ
അനേകം മനുഷ്യരുടെ അത്താണിയായിരുന്ന, എല്ലാ വിഭാഗം ആളുകൾക്കും സമീപിക്കാൻ സാധിച്ചിരുന്ന സൗമ്യനായ മത, രാഷ്ട്രീയ നേതാവിനെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിലൂടെ സമൂഹത്തിനു നഷ്ടമായതെന്ന് യൂത്ത് ഇന്ത്യ ബഹ്റൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലുഷിതമായ വർത്തമാന കാലത്ത് സാമൂഹിക സൗഹാർദത്തിനും സാമുദായിക ഐക്യത്തിനുംവേണ്ടി നിലകൊണ്ട ഹൈദരലി തങ്ങളെ ചരിത്രം അടയാളപ്പെടുത്തുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് ഇന്ത്യൻ മതേതരത്വത്തിനും മാനവ ഐക്യത്തിനും തീരാനഷ്ടമാണെന്ന് ഐ.ഒ.സി പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ബഹ്റൈൻ ഐ.എം.സി.സി
മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ഐ.എം.സി.സി അനുശോചിച്ചു. ആ സൗമ്യ വ്യക്തിത്വത്തിന്റെ വേർപാട് ജനാധിപത്യ സമൂഹത്തിനും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും നേതാക്കളായ ഷംസീർ വടകര, ഇസ്സുദ്ദീൻ പാലത്തിങ്ങൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അനുശോചിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്), ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, യൂത്ത് വിങ്, ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ എന്നിവർ അനുശോചനം അറിയിച്ചു.
സീറോ മലബാർ സൊസൈറ്റി
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സീറോ മലബാർ സൊസൈറ്റി അനുശോചിച്ചു. സൗമ്യതയുടെയും നന്മയുടെയും ആൾ രൂപമായിരുന്നു അദ്ദേഹമെന്നും വിശ്രമമില്ലാതെ മതസൗഹാർദത്തിനായി സഞ്ചരിച്ച വലിയ തണൽ മരത്തെയാണ് നമുക്ക് നഷ്ടമായതെന്നും പ്രസിഡന്റ് ചാൾസ് ആലുക്ക അനുസ്മരിച്ചു.
മതസൗഹാർദം കാത്തുസൂക്ഷിക്കാൻ എന്നും മുന്നിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് സെക്രട്ടറി സജു സ്റ്റീഫൻ അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ വിയോഗം മതേതര മണ്ഡലങ്ങളിൽ ഉണ്ടാക്കുന്ന ശൂന്യത വലുതാണെന്നും ഭാരവാഹികൾ പറഞ്ഞു.
കോർ ഗ്രൂപ് ചെയർമാൻ പോൾ ഉർവത്ത്, മുൻ പ്രസിഡന്റ് ജേക്കബ് വാഴപ്പള്ളി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പോളി വിതത്തിൽ സ്വാഗതവും ജോ. സെക്രട്ടറി ജോജി വർക്കി നന്ദിയും പറഞ്ഞു.
മതനിരപേക്ഷ സംവിധാനത്തിന്റെ കാവലാൾ -സുബൈർ കണ്ണൂർ
മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിന് കാവലാളായി നിന്ന വ്യക്തിത്വമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. രാഷ്ട്രീയ നേതൃത്വത്തിൽ ഉണ്ടായിരുന്നെങ്കിലും ആത്മീയതയിലും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളിലുമാണ് അദ്ദേഹം നിറഞ്ഞുനിന്നത്. കേരളീയ സമൂഹത്തിന് അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ബഹ്റൈൻ കെ.എം.സി.സിയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
സമസ്ത ബഹ്റൈൻ
സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം സമുദായത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മയ്യിത്തിന് വേണ്ടിയുള്ള ഖുർആൻ പാരായണവും അനുസ്മരണവും പ്രാർഥനയും തിങ്കളാഴ്ച രാത്രി ഒമ്പതിന് സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മതേതര കക്ഷികൾക്ക് തീരാനഷ്ടം -രാജു കല്ലുംപുറം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുശോചനം രേഖപ്പെടുത്തി.
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര ജനാധിപത്യ ശക്തികൾക്ക് തീരാ നഷ്ടമാണ്. ഐക്യമുന്നണിയിൽ എല്ലാ കക്ഷികളെയും ഒരുമിപ്പിച്ചു കൊണ്ട് പോകാൻ അക്ഷീണ പരിശ്രമം നടത്തിയ നേതാവായിരുന്നു അദ്ദേഹം. മതനേതാവ് എന്ന നിലയിൽ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നതോടൊപ്പം മറ്റ് മതങ്ങളുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും പ്രാധാന്യം കൊടുക്കാനും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും രാജു കല്ലുംപുറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഐ.സി.എഫ് അനുശോചിച്ചു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഐ.സി.എഫ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അധികാര രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താതെയും സൗമ്യമായി സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെട്ടും പരിഹാരം കണ്ടെത്തിയും ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ഐ.സി.എഫ് നേതാക്കളായ കെ.സി. സൈനുദ്ദീന്‍ സഖാഫി, അഡ്വ. എം.സി. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ വാർത്തക്കുറിപ്പില്‍ അറിയിച്ചു. തങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കാനും മദ്റസകളില്‍ പ്രാർഥന നിര്‍വഹിക്കാനും ഐ.സി.എഫ് നേതാക്കള്‍ അഭ്യർഥിച്ചു.
പടവ് കുടുംബവേദി
രാഷ്ട്രീയ നേതാവായും സമുദായ നേതാവായും ആത്മീയാചാര്യനായും വിശ്രമമില്ലാതെ പ്രവർത്തിച്ച വ്യക്തിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഒരു പതിറ്റാണ്ടിലധികം കാലം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച ഹൈദരലി ശിഹാബ് തങ്ങൾ, തീരുമാനങ്ങളെടുക്കുന്നതിലും അത് നടപ്പാക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ഐക്യകേരളത്തിന്റെ മതമൈത്രിക്ക് കാവലിരിക്കുകയായിരുന്നു അദ്ദേഹമെന്നും പടവ് കുടുംബവേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മൈത്രി സോഷ്യൽ അസോസിയേഷൻ
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ജാതിമത ഭേദമന്യേ ഏവർക്കും സ്വീകാര്യനുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മാറ്റ് ബഹ്റൈൻ
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ മാറ്റ് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയത്തിനപ്പുറം പരസ്പരമുള്ള ആദരവും ബഹുമാനവും മറ്റുള്ളവർക്കുകൂടി പകർന്നുനൽകിയ ശാന്തനായ നേതാവാണ് ഹൈദരലി ശിഹാബ് തങ്ങൾ.
കേരളത്തിലെ നിരവധി മതസ്ഥാപനങ്ങളുടെയും അനാഥ, അഗതിമന്ദിരങ്ങളുടെയും നേതൃത്വം വഹിച്ച മതപണ്ഡിതൻകൂടിയാണ് തങ്ങൾ. മതസൗഹാർദം നിലനിർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് മറക്കാൻ കഴിയാത്തതാണെന്ന് മാറ്റ് ബഹ്റൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖം നഷ്ടമായി -ഒ.ഐ.സി.സി
കേരള രാഷ്ട്രീയത്തിലെ സൗമ്യമായ മുഖമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗംമൂലം നഷ്ടമായതെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ലളിതമായ ജീവിതവും സൗമ്യമായ പ്രകൃതവുമാണ് അദ്ദേഹത്തെ മറ്റു രാഷ്ട്രീയ നേതാക്കളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. മതനേതാവ് എന്നനിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുമ്പോഴും എല്ലാ വിശ്വാസങ്ങളെയും ആദരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, അതുമൂലമാണ് വിവിധ മതത്തിലും ജാതിയിലുംപെട്ട ആളുകൾക്ക് പാണക്കാട് തറവാട്ടിൽ ചെല്ലാനും അദ്ദേഹത്തിൽനിന്ന് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കാനും സാധിക്കുന്നതെന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുശോചിച്ചു.
യു.പി.പി
ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ യുനൈറ്റഡ് പേരന്റ്സ് പാനൽ (യു.പി.പി) ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ന്യൂനപക്ഷക്ഷേമം മുന്‍നിര്‍ത്തി സമൂഹത്തില്‍ സാഹോദര്യത്തിനും മതസൗഹാർദത്തിനുംവേണ്ടി മുന്‍നിരയില്‍നിന്ന് പ്രയത്നിച്ച നേതാവായിരുന്നു അദ്ദേഹമെന്നും യു.പി.പി നേതാക്കളായ എബ്രഹാം ജോണ്‍, അനില്‍ യു.കെ, ബിജു ജോർജ്, മോനി ഒടികണ്ടത്തില്‍, ഹരീഷ് നായര്‍, ദീപക് മേനോന്, ഹാരിസ് പഴയങ്ങാടി, ജ്യോതിഷ് പണിക്കര്‍, എഫ്.എം. ഫൈസല്‍ എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനത കൾചറൽ സെന്റർ
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾചറൽ സെന്റർ അനുശോചിച്ചു. കരുത്തനായ ഒരു നേതാവിനെയാണ് കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അൽ ഹിദായ മലയാളം കൂട്ടായ്മ
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും പ്രമുഖ സമുദായ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അൽ ഹിദായ മലയാളം കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധിഘട്ടങ്ങളിൽ ആദർശ, ആശയവ്യത്യാസമുള്ള വിവിധ മുസ്ലിം സംഘടനകളെ ഒരു കുടകീഴിൽ അണിനിരത്തി മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമുദായ ഉന്നമനത്തിന്റെ കാര്യത്തിൽ അസാധാരണ ദീർഘവീക്ഷണമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈഫ് അഴീക്കോട്, ജനറല്‍ സെക്രട്ടറി വി.കെ. മുഹമ്മദാലി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ പണ്ഡിത നേതൃത്വമാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനസന്ദേശത്തിൽ പറഞ്ഞു.
കൊല്ലം പ്രവാസി അസോസിയേഷന്
രാഷ്ട്രീയ കേരളത്തിന് അപ്പുറത്തേക്ക് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച വ്യക്തിയായിരുന്നു ഹൈദരലി തങ്ങള്‍. മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യരെ സഹായിക്കാനും സ്നേഹിക്കാനും ഉത്സാഹത്തോടെ മുന്നില്‍നിന്ന് നയിച്ച സൗമ്യതയുടെ പ്രതീകമായ ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരള സമൂഹത്തിന്, വിശിഷ്യ പ്രവാസികൾക്ക് തീരാ നഷ്ടമാണെന്ന് കൊല്ലം പ്രവാസി അസോസിയേഷന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.