മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsലോകം കണ്ട മികച്ച ധനകാര്യ വിദഗ്ധനും ഭരണാധികാരിയും- ബിനു കുന്നന്താനം
മനാമ: ലോകം സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് തകർന്നപ്പോൾ അതിൽനിന്ന് ഇന്ത്യയെ കരകയറ്റിയ നേതാവായിരുന്നു മൻമോഹൻ സിങ് എന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു.
രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് സമാശ്വാസം നൽകിയ മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയിലൂടെ മിനിമം നൂറ് ദിവസത്തെ തൊഴിൽ നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുത്തുകൊണ്ടുള്ള നിയമം പാസാക്കിയതുവഴി രാജ്യത്തെ പട്ടിണി ഒരു പരിധി വരെ മാറ്റാനും അദ്ദേഹത്തിന്റെ സർക്കാറിന് കഴിഞ്ഞു.
നാട്ടിലെ ജനങ്ങളുടെ പട്ടിണി മാറ്റാൻ സൗജന്യ റേഷനോ, മറ്റു ഭക്ഷ്യവസ്തുകൾക്ക് സബ്സിഡി നൽകാതെ, തൊഴിൽ നൽകുക, അതിന് വേതനം കൃത്യമായി നൽകുക, ആ തൊഴിൽ ജനങ്ങളുടെ അവകാശമാക്കി മാറ്റാനും അദ്ദേഹത്തിന് സാധിച്ചു.
ഒരു രാഷ്ട്രീയപാർട്ടിയുടെയും അംഗത്വം ഇല്ലാതെ അദ്ദേഹത്തെ രാജ്യത്തിന്റെ ധനകാര്യമേഖലയുടെ താക്കോൽ കോൺഗ്രസ് ഏൽപിക്കുമ്പോൾ, അദ്ദേഹത്തിന്റെ മികവ് കോൺഗ്രസ് പാർട്ടി തിരിച്ചറിഞ്ഞു എന്നതാണ് സത്യം. കോൺഗ്രസ് പാർലമെന്ററി പാർട്ടി ഒന്നടങ്കം പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാൻ തീരുമാനിച്ചപ്പോൾ, അധികാരത്തിൽനിന്ന് ഒഴിഞ്ഞുനിന്നുകൊണ്ട് മൻമോഹൻ സിങ്ങിനെ രാജ്യത്തിന്റെ ഭരണം ഏൽപിക്കുമ്പോൾ നാടിന്റെ സമഗ്ര വികസനം ആയിരുന്നു സോണിയ ഗാന്ധി കണ്ടത്.
രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ നിയമങ്ങൾകൊണ്ട് വരാൻ അദ്ദേഹത്തിന് സാധിച്ചു.
ആധാർ കാർഡ് മൂലം രാജ്യത്തെ ജനങ്ങൾക്ക് ഒരു ഏകീകൃത ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തതിലൂടെ ആദ്യമായി എല്ലാവർക്കും സർക്കാർ നൽകുന്ന എല്ലാ സർക്കാർ സംവിധാനങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്നരീതിയിൽ ആധാർ കാർഡിനെ മാറ്റാനും, ആധാർ കാർഡ് ജനങ്ങളുടെ അവകാശമാക്കി മാറ്റാനും അദ്ദേഹത്തിന് സാധിച്ചു.
ഭക്ഷ്യസുരക്ഷ നിയമം മൂലം രാജ്യത്തെ ജനങ്ങളുടെ ആവകാശമാക്കി മാറ്റാനും, നിയമം മൂലം വിദ്യാഭ്യാസം എല്ലാ ആളുകൾക്കും സൗജന്യമാക്കാനുള്ള നിയമം നിർമാണം നടത്താനും അദ്ദേഹത്തിന്റെ ഗവണ്മെന്റിന് സാധിച്ചു.
എക്കാലവും ലോകം അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിക്കാൻ നേതൃത്വംനൽകിയ നേതാവ് എന്നും എക്കാലവും അദ്ദേഹം അറിയപ്പെടുമെന്ന് ബിനു കുന്നന്താനം അനുസ്മരിച്ചു.
കെ.എം.സി.സി അനുശോചിച്ചു
മനാമ: ഇന്ത്യയുടെ പതിനാലാം പ്രധാനമന്ത്രിയും പണ്ഡിതനും ചിന്തകനും തികഞ്ഞ മതേതര വാദിയുമായിരുന്ന ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു.
കാര്യങ്ങള്‍ നടത്തുന്നതിലുള്ള ശുഷ്കാന്തിയും അക്കാദമിക് സമീപനവും കൊണ്ട് വ്യത്യസ്തനാകുന്ന അദ്ദേഹം സ്വഭാവത്തിലും എളിമ പുലര്‍ത്തുന്ന വ്യക്തിത്വത്തിനുടമയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാതിപത്യ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും രാജ്യത്തിനും ജനങ്ങൾക്കും കുടുംബത്തിനുമുണ്ടാക്കിയ ദുഃഖത്തിൽ കെ.എം.സി.സി ബഹ്റൈനും പങ്കുകൊള്ളുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ അറിയിച്ചു.
ഇന്ത്യയിൽ ആദ്യമായി മുസ്ലിം ലീഗിന് പ്രാതിനിധ്യം ലഭിച്ചത് മൻമോഹൻ സിങ് ഭരണകാലത്ത് യു.പി.എ സർക്കാറിലായിരുന്നു. രണ്ടാം യു.പി.എ സർക്കാറിലും മൻമോഹൻ സിങ് മുസ്ലിം ലീഗ് പ്രതിനിധിയായ ഇ അഹ്മദിനെ മന്ത്രിയാക്കിക്കൊണ്ട് മുസ്ലിം ലീഗിന് പ്രതിനിധ്യം നൽകി. മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങളുടെ സ്റ്റാമ്പ് പുറത്തിറക്കിയതും മൻമോഹൻ സിങ്ങിന്റെ ഭരണ കാലഘട്ടത്തിലായിരുന്നുവെന്ന സന്തോഷവും നേതാക്കൾ പങ്കുവെച്ചു.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ. മന്മോഹന് സിങ്ങിന്റെ വ്യക്തിത്വം വിഷയമാകുമെന്ന് നേതാക്കൾ പറഞ്ഞു.
ഗ്രാമീണ ഇന്ത്യക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നേതാവ് - ഒ.ഐ.സി.സി
മനാമ: മഹാത്മാഗാന്ധിക്കുശേഷം ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് ഏറ്റവും വലിയ നേതൃത്വം നൽകിയ നേതാവ് ആയിരുന്നു മൻമോഹൻ സിങ് എന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുസ്മരിച്ചു.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഏൽപിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുകയും, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതി മൂലം രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് വരുമാനം ഉറപ്പ് വരുത്താനും, അതുമൂലം രാജ്യത്തെ പട്ടിണി ഒരു പരിധി വരെ പൂർണമായും മാറ്റാനും അദ്ദേഹത്തിന് സാധിച്ചു.
ഇന്ത്യക്ക് ഒരിക്കലും മൻമോഹൻ സിങ്ങിനെ മറന്ന് മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു.
അനുശോചനയോഗം ഇന്ന് രാത്രി എട്ടുമണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ
മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഡോ. മൻ മോഹൻസിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി എട്ടുമണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിലെ കെ.ജി. ബാബുരാജൻ ഹാളിൽവെച്ച് നടത്തുമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.