കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനപ്രവാഹം
text_fieldsമനാമ: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി നേതാവുമായ കാനം രാജേന്ദ്രന്റെ മരണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി.
കേരള സമാജം സന്ദർശിക്കുകയും മീറ്റ് ദി സ്പീക്കർസ് പ്രോഗ്രാമിൽ പങ്കെടുത്ത് മികച്ച പ്രഭാഷണം നടത്തുകയുംചെയ്ത അദ്ദേഹം സമാജത്തിന്റെ മികച്ച ഗുണകാംക്ഷിയും സുഹൃത്തുമായിരുന്നു എന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. കാര്യമാത്രപ്രസക്തമായ സംഭാഷണവും ഗൗരവമായ ഇടപെടലും അദ്ദേഹത്തിന്റെ സ്വഭാവസവിശേഷത ആയിരുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായ മികച്ച നേതാവിനെയും സംഘാടകനെയും നഷ്ടപ്പെട്ടതായി കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ഇടതു മുന്നണി നേതാവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ പ്രതിഭ അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. ഇടതുമുന്നണിയിൽ നിന്നുകൊണ്ടുതന്നെ പല സമയങ്ങളിലും സർക്കാറിന്റെ തെറ്റായ നടപടികളെ വിമർശിക്കാനും അതുവഴി തിരുത്തിക്കാനും ശ്രമിച്ച നേതാവ് ആയിരുന്നു അദ്ദേഹം. പാർലമെന്ററി വ്യാമോഹങ്ങൾക്ക് അടിപ്പെടാതെ, പാർട്ടിയുടെ നേതൃനിരയിൽ നിലനിന്ന അദ്ദേഹം മറ്റ് രാഷ്ട്രീയപാർട്ടി നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിച്ച നേതാവായിരുന്നു എന്നും ഒ.ഐ.സി.സി അനുസ്മരിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള കേന്ദ്ര എക്സി. യോഗം അനുശോചിച്ചു. ഇടതുപക്ഷ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഐക്യം നിലനിർത്തുന്നതിലും മുഖ്യ പങ്കുവഹിച്ച അദ്ദേഹം വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വരുന്നത്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി. മുതിർന്ന ഇടതുപക്ഷ നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുശോചിച്ചു.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി യുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഐ.എം.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. കാനത്തിന്റെ കുടുംബത്തിന്റേയും ഇടതു മുന്നണിയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് പുളിക്കൽ മൊയ്തീൻ കുട്ടി, ജനറൽ സെക്രട്ടറി കാസിം മലമ്മൽ, ട്രഷറർ പി.വി. സിറാജ് എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. കാനം രാജേന്ദ്രന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി സോവിച്ചൻ ചേന്നാട്ടുശേരി വാർത്തക്കുറിപ്പിൽ പറഞ്ഞു. താനുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന അദ്ദേഹം മികവുറ്റ രാഷ്ട്രീയ നേതാവായിരുന്നു എന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.