മാമുക്കോയയുടെ വിയോഗത്തിൽ അനുശോചനം
text_fieldsബഹ്റൈൻ കേരളീയ സമാജം
മനാമ: ജീവിതഗന്ധിയായ ഹാസ്യംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാ കലാകാരനായിരുന്നു മാമുക്കോയയെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അനുശോചനക്കുറിപ്പിൽ പറഞ്ഞു. മലബാറിലെ പ്രാദേശിക ഭാഷാജീവിത വ്യത്യസ്തതകളെ വളരെ എളുപ്പത്തിൽ മലയാളിക്ക് പരിചിതമാക്കുന്നതിൽ മാമുക്കോയ ചെയ്ത കഥാപാത്രങ്ങളുടെ സംഭാവന വളരെ വലുതാണെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു. എഴുതപ്പെട്ട സ്ക്രിപ്റ്റുകളെക്കാൾ ഉയർന്നുനിൽക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളുമൊരുക്കിയ ജീവിതത്തെ പ്രസാദാത്മകമാക്കിയ മാമുക്കോയയെ മലയാളികൾ എക്കാലവും ഓർമിക്കും.
ഐ.വൈ.സി.സി കലാവേദി
മനാമ: ചലച്ചിത്രതാരം മാമുക്കോയയുടെ വിയോഗത്തിൽ ഐ.വൈ.സി.സി കലാവേദി അനുശോചിച്ചു. നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾ സൃഷ്ടിച്ച് 40 വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. നിലപാടുകളിലെ കൃത്യത മാമുക്കോയയുടെ പ്രത്യേകതയായിരുന്നു. മാമുക്കോയയുടെ വിയോഗം മലയാള സിനിമക്കും സാംസ്കാരിക മേഖലക്കും നികത്താനാകാത്ത നഷ്ടമാണെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ആർട്സ് വിങ് കൺവീനർ ജോൺസൻ കൊച്ചി എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മനോജ് മയ്യന്നൂർ
മനാമ: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് മലയാള സിനിമയിൽ സാധാരണക്കാരന്റെ സാന്നിധ്യമായി നിറഞ്ഞുനിന്ന പ്രിയ നടനെയാണ് മലയാളികൾക്ക് നഷ്ടമായതെന്ന് സ്റ്റേജ് ഷോ സംഘാടകനും സംവിധായകനുമായ മനോജ് മയ്യന്നൂർ പറഞ്ഞു.
ബഹ്റൈനിൽ മനോജ് മയ്യന്നൂർ സംവിധാനം ചെയ്ത് അവതരിപ്പിച്ച രണ്ടു പ്രോഗ്രാമുകളിൽ പങ്കെടുക്കാനാണ് മാമുക്കോയ അവസാനമായി ബഹ്റൈനിൽ വന്നത്. ഒക്ടോബറിൽ സൗദിയിൽ സംഘടിപ്പിക്കുന്ന താരനിശയിലും മാമുക്കോയയുടെ സാന്നിധ്യം ഉറപ്പിച്ചതായിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി ആരുമില്ലെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചിച്ചു
മനാമ: നടൻ മാമുക്കോയയുടെ വിയോഗത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിൽ കോഴിക്കോടിന്റെ തനത് സംസാരശൈലിയിൽ, അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങൾ സൃഷ്ടിച്ച് നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. മാമുക്കോയയുടെ വിയോഗം മലയാള സിനിമക്കും കോഴിക്കോടിന്റെ സാംസ്കാരിക മേഖലക്കും നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ബാബു ജി. നായർ, ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.