സഖീറിലെ എക്സിബിഷൻ സെന്റർ നിർമാണം വിലയിരുത്തി
text_fieldsമനാമ: സഖീറിലെ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്റർ നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്ന പദ്ധതിയുടെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും എക്സിബിഷനുകൾക്കും വേദിയാകാൻ ബഹ്റൈന് ഇതുവഴി സാധിക്കും. വിവിധ സമ്മേളനങ്ങൾക്കും യോഗങ്ങൾക്കുമുള്ള ഹാളുകളും വലുതും ചെറുതുമായ എക്സിബിഷൻ ഹാളുകളും ഇവിടെ ഒരുക്കുന്നുണ്ട്. 95,000 ചതുരശ്ര മീറ്ററിൽ 10 എക്സിബിഷൻ ഹാളുകളാണ് ഇവിടെയുണ്ടാവുക. റസ്റ്റാറന്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ചില്ലറവിൽപന ശാലകൾ എന്നിവയും ഒരുക്കും. പ്രധാന സമ്മേളന ഹാളിൽ 4500 പേർക്ക് ഇരിക്കാൻ സാധിക്കും. വി.ഐ.പികളെ സ്വീകരിക്കുന്നതിന് രണ്ട് വലിയ മജ്ലിസുകളും ഒരുക്കുന്നുണ്ട്. 160 വി.ഐ.പി വാഹനങ്ങൾക്കും 1600 മറ്റ് വാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാവും. അന്താരാഷ്ട്ര നിലവാരത്തിലാണ് എക്സിബിഷൻ സെന്ററിന്റെ നിർമാണം പൂർത്തീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മുതിർന്ന എൻജിനീയർമാരും മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.