ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ ജി.സി.സി രാഷ്ട്രങ്ങളുമായി സഹകരിക്കും –മന്ത്രി
text_fieldsമനാമ: രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന് ജി.സി.സി രാഷ്ട്രങ്ങളുമായി സഹകരണം ശക്തിെപ്പടുത്തുമെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. 31ാമത് ജി.സി.സി കാർഷിക സഹകരണ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ചതുപോലെ കാർഷിക മേഖലയെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ പരസ്പര സഹകരണം സഹായിക്കും.
കാർഷിക, മത്സ്യ, മൃഗസമ്പദ് മേഖലയിൽ ഭാവിയിൽ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നും ബന്ധപ്പെട്ട മന്ത്രിമാരും അണ്ടർ സെക്രട്ടറിമാരുമാണ് ഓൺലൈനിൽ ചേർന്ന യോഗത്തിൽ സംബന്ധിച്ചത്. കാർഷിക സുഭിക്ഷതക്കായി ഓരോ രാഷ്ട്രവും നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. സുസ്ഥിര കാർഷിക മേഖലയെന്ന ലക്ഷ്യമിട്ട് ചടുലമായ പ്രവർത്തനങ്ങളെക്കുറിച്ചാണ് മുഖ്യചർച്ച നടന്നത്.
ഈന്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ശൈഖ് ഖലീഫ ഇൻറർനാഷനൽ അവാർഡ് സഹായകമായതായും വിലയിരുത്തി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തേ നടത്തിയ ശിൽപശാലയുടെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്താനാവശ്യമായ നയങ്ങൾ രൂപപ്പെടുത്തുന്നതിനും ധാരണയായി.
ഏകീകൃത കാർഷിക നിയമം ആവിഷ്കരിക്കുന്നതിനുള്ള ചർച്ചകളും നടന്നു. കോവിഡിന് ശേഷം കാർഷിക മേഖലയുടെ ഉന്നമനത്തിനായി കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.