വ്യാജ നിക്ഷേപ പദ്ധതികളെ കരുതിയിരിക്കാം
text_fieldsമനാമ: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ നിക്ഷേപ പദ്ധതികളില്‍ പണം നല്‍കുന്നതിനെതിരെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും പലതരം നിക്ഷേപത്തട്ടിപ്പുകളാണ് നടക്കുന്നത്. വേഗത്തില്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ നിയമ വിരുദ്ധമാണെന്നും കരുതിയിരിക്കണമെന്നും സാമ്പത്തിക മേഖലയിലുള്ളവര്‍ ഒാർമപ്പെടുത്തുന്നു.
പലതരത്തിൽ ആളുകള്‍ കബളിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ബഹ്റൈൻ സെൻട്രൽ ബാങ്കിൽനിന്നുള്ള ലൈസൻസില്ലാതെ വെർച്വൽ കറൻസി ഇടപാട് നടത്തിയ നാല് ഏഷ്യൻ വംശജർക്ക് ലോവർ ക്രിമിനൽ കോടതി കഴിഞ്ഞദിവസം കനത്ത തുക പിഴശിക്ഷ വിധിച്ചിരുന്നു.
ക്രിപ്റ്റോ കറൻസികളുടെ പേരിലാണ് തട്ടിപ്പുകാർ നിക്ഷേപ പദ്ധതികള്‍ പരിചയപ്പെടുത്തുന്നത്. ഇതിനായി പലതരത്തിലുള്ള പരസ്യങ്ങളും നല്‍കുന്നുണ്ട്. വ്യക്തികളെ ഉപയോഗപ്പെടുത്തി വൻ ലാഭം കിട്ടിയെന്ന തരത്തിലുള്ള പരസ്യങ്ങളും മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിനായി നൽകുന്നുണ്ട്. പുതിയ നിക്ഷേപ മേഖലകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.
ഇത്തരം ഇടപാടുകള്‍ നടത്തുന്നതിന് ബഹ്റൈനിൽ നിയമപരമായ വിലക്കുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തടവുശിക്ഷയും ഒരു ലക്ഷം ദീനാറില്‍ കുറയാത്ത പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണിത്. ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കിെൻറ അനുമതിയില്ലാത്ത ഏതുതരം നിക്ഷേപ സ്ഥാപനങ്ങളും സംരംഭങ്ങളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍, ഡിജിറ്റല്‍ പണം വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങള്‍ വഴിയായിരിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.