കോഴ്സ്, കോളജ്, യൂനിവേഴ്സിറ്റി; കൺഫ്യൂഷനുണ്ടോ? വിദ്യാർഥികളേ ഇതിലേ ഇതിലേ...
text_fieldsമനാമ: പ്ലസ് ടു കഴിഞ്ഞാൽ എന്തുചെയ്യുമെന്ന കൺഫ്യൂഷൻ പ്രവാസലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടാകുക സ്വാഭാവികമാണ്. കോഴ്സുകൾ ഏത് തിരഞ്ഞെടുക്കണം എന്നതു മാത്രമല്ല, എവിടെ പഠിക്കണം എന്ന കാര്യത്തിലും സംശയങ്ങളുണ്ടാകും. ചിലർ ഏത് കോഴ്സിനു പോകണമെന്ന കാര്യം നേരത്തേ തീരുമാനിച്ചുവെച്ചിരിക്കും.
അവർക്ക് ഏത് യൂനിവേഴ്സിറ്റി ഉപരിപഠനത്തിനായി തിരഞ്ഞെടുക്കണമെന്ന കാര്യത്തിലായിരിക്കും ആശങ്ക. ഈ രണ്ട് സംശയങ്ങൾക്കും ഉത്തരം ലഭിക്കാനുള്ള അവസരമാണ് ഡിസംബർ ആറ്, ഏഴ് തീയതികളിൽ ബഹ്റൈൻ ഇന്ത്യൻ ക്ലബിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘എജു കഫേ’.
ഇതു മാത്രമല്ല, വിദ്യാഭ്യാസ- കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ, പ്രമുഖരുടെ ക്ലാസുകൾ, പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ്, മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, ആത്മവിശ്വാസം വർധിപ്പിക്കൽ, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം എജു കഫേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന എജു കഫേയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങൾ പ്രദർശനത്തിലുണ്ട്.
ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽനിന്ന് നേരിട്ട് മനസ്സിലാക്കാം.
എന്തു സംശയത്തിനും മറുപടി നൽകാൻ സ്ഥാപന പ്രതിനിധികൾ സ്റ്റാളുകളിൽ റെഡിയായിരിക്കും. വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും.
മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് പ്രഫസറും മുൻ സോഷ്യൽ സയൻസസ് ഡീനുമായ പ്രഫ. എം.എച്ച്. ഇല്യാസ്, പ്രശസ്ത ശിശുരോഗ വിദഗ്ധയും മോട്ടിവേറ്ററും എഴുത്തുകാരിയുമായ ഡോ. സൗമ്യ സരിൻ, എ.ഐ വിദഗ്ധനും പബ്ലിക് സ്പീക്കറുമായ കൃഷ്ണകുമാർ, പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ രാജമൂർത്തി എന്നിവർ ‘എജു കഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും.
വെള്ളിയാഴ്ച വൈകീട്ട് രണ്ടു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയുമാണ് ‘എജു കഫേ’. https://www.myeducafe.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.