കോടതി നടപടി ഇംഗ്ലീഷിൽ; ബഹ്റൈനിൽ ഒമ്പത് ജഡ്ജിമാർ ചുമതലയേറ്റു
text_fieldsമനാമ: കോടതി നടപടികൾ ഇംഗ്ലീഷിലാക്കുന്നതിന്റെ ഭാഗമായി ഒമ്പത് ജഡ്ജിമാർ പുതുതായി ചുമതലയേറ്റു. ബഹ്റൈനി ജുഡീഷ്യൽ അതോറിറ്റി നിയമത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതി അനുസരിച്ചാണ് ഇവരുടെ നിയമനം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന ഈ ജഡ്ജിമാർ ധനകാര്യ, വാണിജ്യ തർക്കങ്ങളിൽ വൈദഗ്ധ്യമുള്ളവരാണ്.
വ്യവസായം, കമ്പനികാര്യം, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ട്രേഡ്മാർക്ക്, ബൗദ്ധിക സ്വത്തവകാശം, സമുദ്ര വ്യോമ ഗതാഗതം, നിർമാണ മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട ദേശീയ, അന്തർദേശീയ തർക്കങ്ങളിൽ നിയമനടപടികൾ ത്വരിതപ്പെടുത്താൻ ഇവരുടെ സേവനം സഹായകമാകും.
നടപടികൾ ഇംഗ്ലീഷിലാകുന്നതോടെ കൂടുതൽ എളുപ്പത്തിൽ നിയമസേവനം ലഭ്യമാകും. പരിഭാഷ നടത്തേണ്ട പ്രയാസം ഒഴിവാകുന്നതിനൊപ്പം വ്യവഹാരങ്ങൾക്കുള്ള ചെലവ് കുറക്കാനും സാധിക്കും.
ബന്ധപ്പെട്ട കക്ഷികൾ ധാരണയിൽ എത്തുന്ന കേസുകളിലാണ് വ്യവഹാരം ഇംഗ്ലീഷിൽ നടത്താൻ അനുമതിയുള്ളത്. മാത്രമല്ല, വ്യവഹാരവുമായി ബന്ധപ്പെട്ട കരാർ ഇംഗ്ലീഷിൽ ആയിരിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.