നേട്ടമാക്കാം ഇൗ നഷ്ടങ്ങളെ
text_fieldsലോകമെമ്പാടും ഭീതിപരത്തി കൊണ്ടിരിക്കുന്ന കോവിഡ് തീർച്ചയായും ഒരു പുതിയ ലോകക്രമം തന്നെ ഉണ്ടാക്കും. ചരിത്രത്തിൽ ആദ്യമായി എല്ലാ ലോകരാജ്യങ്ങളും ചേരിതിരിവ് ഇല്ലാതെ ഒറ്റക്കെട്ടായി ഒരേയൊരു ശക്തിക്കെതിരെ നിലകൊള്ളുന്ന ഒരു പുതിയ ലോകക്രമത്തിലേക്ക് ആണ് കോവിഡ് നമ്മെ എത്തിച്ചിരിക്കുന്നത്. അക്കാദമിക് പഠന രീതിയെ ആകെ മാറ്റിമറിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് ലോകം മാറുകയാണ്. ലോകമെമ്പാടുമായി ടീച്ചിങ് പ്രഫഷനിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കുകൾ പറയുന്നത്. ഇന്നു കാണുന്ന വലിയൊരു ശതമാനം ജോലികളും ഓഫ് ലൈനിൽ നിന്ന് ഓൺലൈനിലേക്ക് മാറും. അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ലോകം വളരെ പെട്ടെന്ന് 50 വർഷത്തിലെ ഏറ്റവും കുറഞ്ഞ മലിനീകരണ തോതിലേക്ക് എത്തപ്പെട്ടു. പ്രകൃതിയും വന്യജീവികളും അവരുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചെത്താനുള്ള ഒരു പുതിയ വഴിയാണ് കോവിഡ് മൂലം ഉണ്ടായത്. ലോകത്തിലെ പ്രധാനപ്പെട്ട പല ആൽക്കഹോൾ കമ്പനികളും സാനിറ്റൈസർ കമ്പനികൾ ആയി മാറി. അമേരിക്ക പോലുള്ള അതിസമ്പന്ന രാജ്യങ്ങൾ പലതും അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. 40 ശതമാനം വരെ നികുതി നൽകുന്ന ജനങ്ങൾക്ക് തിരിച്ചുനൽകാൻ ഒന്നുമില്ലാത്ത നിസ്സഹായവസ്ഥ കണ്ടുതുടങ്ങി. കൊറോണാ വൈറസിെൻറ പ്രഭവകേന്ദ്രം ചൈന ആയിരുന്നു. എന്നാൽ, കൊറോണ വൈറസ് ചൈനക്ക് നഷ്ടങ്ങളെക്കാൾ ലാഭം നൽകിക്കൊണ്ടിരിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ലോകമെമ്പാടുമുള്ള കമ്പനികളുടെ ദശലക്ഷക്കണക്കിന് ഒാഹരികൾ ആണ് ചൈന വാങ്ങിക്കൂട്ടുന്നത്.
ചൈന ഇന്ന് കൊറോണാ വൈറസിനെ നിയന്ത്രിക്കാൻ എന്നപേരിൽ ഉപയോഗിക്കുന്ന നിരീക്ഷണ, മുഖം തിരിച്ചറിയൽ, മൊബൈൽ ട്രാക്കിങ് സംവിധാനങ്ങൾ സ്വകാര്യതയിലേക്കും മൗലികാവകാശങ്ങളിലേക്കും എത്തിനോക്കാൻ ഉള്ള ഒരു ആയുധമായി മാറിയേക്കാം. കൊറോണ വൈറസ് മൂലം ലോകത്ത് 600 ബില്യൺ ഡോളർ ആണ് നഷ്ടം പ്രതീക്ഷിക്കുന്നത്. ലോക സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ഒാഹരി വിപണിയുടെ മൂല്യം 30.1 ട്രില്യൻ ഡോളറാണ്. കഴിഞ്ഞ 45 ദിവസം കൊണ്ട് 35 ശതമാനം അതായത് 10 ട്രില്യൻ ആണ് അമേരിക്കക്ക് നഷ്പ്പെട്ടത്. ഇന്ത്യൻ ഒാഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് കാഴ്ചെവച്ചത്. ഇന്ത്യയിലെ പല കോടീശരന്മാരുടെയും ആസ്തിമൂല്യത്തിൽ 20 മുതൽ 35 ശതമാനം വരെ നഷ്ടപ്പെട്ടുകഴിഞ്ഞു. ഇത്രയും വലിയൊരു പ്രതിസന്ധിയിലും ലോകത്തിലെ പല സമ്പന്നരും വീണ്ടും സമ്പന്നരാകുന്ന കാഴ്ചയും കാണാൻ കഴിയുന്നു. കോവിഡ് ലോകത്ത് ഏറ്റവും അധികം ബാധിച്ചത് എയർലൈൻ വ്യവസായത്തെ ആണ്. വാറൺ ബഫറ്റിനെപ്പോലുള്ള ശതകോടീശ്വരന്മാർ വാങ്ങിക്കൂട്ടുന്നത് ഇത്തരം ഷെയറുകൾ ആണ്. അതിവിദൂരമല്ലാത്ത ഭാവിയിൽ ഇത്തരം ഷെയറുകൾ അവർക്ക് വലിയ മുതൽകൂട്ടായി മാറും. പുതിയ സാമ്പത്തിക സമവാക്യങ്ങളിൽ ബിറ്റ്കോയിനും ക്രിപ്റ്റോ കറൻസിയും മികച്ച നിക്ഷേപ സാധ്യതയായി മാറി.
കേരളത്തിെൻറ സമ്പദ്വ്യവസ്ഥയെ മാറ്റിയെഴുതും
കേരളത്തിെൻറ സമ്പദ് വ്യവസ്ഥയെയും കോവിഡ് തിരുത്തിയെഴുതും. പ്രവാസി മലയാളികൾ അയക്കുന്ന പണവും ഐ.ടി, ടൂറിസം മേഖലയുടെ സംഭാവനയുമാണ് കേരളത്തിെൻറ പ്രധാന വരുമാന മാർഗങ്ങൾ. ഇതിനെയൊക്കെ കോവിഡ് സാരമായി ബാധിക്കും. ക്രൂഡോയിൽ വിലയുടെ ക്രമാതീതമായ ഇടിവ് കാരണം പല ഗൾഫ് രാജ്യങ്ങളും അവരുടെ ബജറ്റ് വെട്ടി കുറക്കേണ്ട അവസ്ഥയിലാണുള്ളത്. ഐ.ടി മേഖലയിലെ പുതിയ ട്രെൻഡ് ആയ ‘വീട്ടിലിരുന്ന് ജോലി’കുറെ പേർക്ക് ജോലി നഷ്ടമാകുന്നതിന് ഇടയാക്കും. ടൂറിസം മേഖലയിൽ സാധാരണ നില കൈവരിക്കണമെങ്കിൽ വർഷങ്ങൾ തന്നെ വേണ്ടി വരും. ഇന്ത്യയിലെതന്നെ ഏറ്റവുമധികം പൊതുകടവും സർക്കാറിെൻറ വരുമാനത്തിൽ ഏറിയ പങ്കും ശമ്പളത്തിനും പെൻഷനുമായി നീക്കിവെക്കുന്നതും കാരണം മറ്റു വരുമാനങ്ങൾ ഇല്ലാതെയാകുമ്പോൾ വികസനോന്മുഖമായ പല കാര്യങ്ങളും നടപ്പിലാക്കാൻ കഴിയാതെവരും. കോവിഡ് ഇ-കോമേഴ്സ് മേഖലക്ക് വലിയ സാധ്യതകൾ തുറന്നിടുകയാണ്. ഇന്ത്യൻ ഇ- കോമേഴ്സ് വിപണിക്ക് 200 ബില്യൺ ഡോളർ വളർച്ചയാണ് അടുത്ത അഞ്ച് വർഷത്തിൽ പ്രതീക്ഷിക്കുന്നത്. ഐ.ടി മേഖലയിൽ കേരളത്തിന് മറ്റ് ഏത് സംസ്ഥാനങ്ങളെക്കാളും കൂടുതൽ വിഭവശേഷിയുണ്ട്. ഈ സാധ്യതകളെ ലഭ്യമായ വിഭവശേഷി ഉപയോഗിച്ച് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ കേരളത്തിന് വലിയ ഒരു മുന്നേറ്റം ഉണ്ടാക്കാൻ കഴിയും.
നിക്ഷേപം ഉൽപാദനക്ഷമമാകണം
കേരളത്തിൽ ഓരോ വർഷവും ഒഴുകിയെത്തുന്ന ലക്ഷം കോടിയോളം രൂപ ഉൽപാദന ക്ഷമമല്ലാത്ത േമഖലകളിലാണ് ചെലവഴിക്കപ്പെടുന്നത്. പ്രവാസികൾക്ക് ആത്മവിശ്വാസവും മതിയായ വരുമാനവും കൊടുക്കാൻ പ്രാപ്തമായ പദ്ധതികൾ ഉണ്ടായാൽ ഇത്തരം നിക്ഷേപം ഉൽപാദനക്ഷമമായ മേഖലകളിലേക്ക് മാറ്റാൻ കഴിയും. വലിയ വ്യവസായവത്കരണം സാധ്യമല്ലാത്ത കേരളത്തിെൻറ മനോഹരമായ ഭൂപ്രകൃതിയും തനതായ ആയുർവേദ ചികിത്സയും ഉപയോഗിച്ചുകൊണ്ട് ആരോഗ്യ ടൂറിസത്തിന് വലിയ സാധ്യതകൾ കണ്ടെത്തണം. കേരളത്തിൽ കോവിഡ് കൈകാര്യം ചെയ്യുന്ന രീതി ഇതിനകം തന്നെ ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കേരളത്തിലെ ഡോക്ടറും നഴ്സും മറ്റു ആരോഗ്യ വിദഗ്ധരും അടങ്ങുന്ന പ്രഫഷനലുകളെ ലോകം ഉറ്റുനോക്കുന്ന സമയം കൂടിയാണിത്. ആരോഗ്യമേഖലയിൽ തീർച്ചയായും കേരളത്തിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിഗണന ലഭിക്കും എന്നതിൽ സംശയമില്ല.
ഗൾഫിൽ നിന്നും മടങ്ങുന്ന വിദഗ്ധരായ തൊഴിലാളികളെ സംബന്ധിച്ച് അനാവശ്യമായ ആശങ്കക്ക് വകയില്ല. 30000 കോടിയോളം രൂപയാണ് ആണ് ഓരോ വർഷവും ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽനിന്നും അയക്കുന്നത്. ഗൾഫിൽ നിന്നും മടങ്ങുന്ന വിദഗ്ധ തൊഴിലാളികൾക്ക് ഒരുപരിധിവരെ സാമ്പത്തികമായ ഈ ഒഴുക്കിനെ തടയിടാൻ കഴിയും. എസ്.കെ.ഡി, സി.കെ.ഡി രൂപത്തിലുളള എസ്.എം.ഇ സ്റ്റാർട്ടപ്പ് യൂനിറ്റുകൾ കേരളത്തിൽ അതത് രംഗത്തുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപകമായി തുടങ്ങിയാൽ കയറ്റുമതി രംഗത്ത് മുതൽക്കൂട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.