കോവിഡ്: അതിജീവന വഴിയില്‍ ഒരു വർഷം പിന്നിട്ട് കെ.എം.സി.സി
text_fieldsമനാമ: കോവിഡ് സേവന-പ്രതിരോധ രംഗത്തെ അതിജീവനപ്രവര്‍ത്തനങ്ങള്‍ 365 ദിനങ്ങൾ പിന്നിട്ട് ബഹ്റൈന്‍ കെ.എം.സി.സി.രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണവുമായാണ് കെ.എം.സി.സിയുടെ കോവിഡ്കാല കരുതല്‍ സ്പര്ശത്തിന് തുടക്കമിട്ടത്. ഇതിെൻറ ഭാഗമായി ബഹ്റൈനിലെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും മാസ്ക്കുകള്‍ നൽകുകയും ചെയ്തു. 2000ലധികം മാസ്ക്കുകളാണ് തുടക്കത്തിൽ വിതരണം ചെയ്തതെന്ന് ഭാരവാഹികൾ പറഞ്ഞു.
കോവിഡ് വ്യാപനം തടയാനായി ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് പ്രവാസികള്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും വ്യാപകമാക്കുന്നതിലും കെ.എം.സി.സി പങ്കുവഹിച്ചു. വിവിധയിടങ്ങളിൽ ഹാന്‍ഡ് വാഷ് സൗകര്യവും സാനിറ്റൈസര്‍ സൗകര്യവുമാണ് ഇതിനായി സജ്ജീകരിച്ചത്. ദുരിതക്കയത്തിലായ പ്രവാസികളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് ഇടപെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്കും ആരംഭിച്ചു.
സഹജീവികളുടെ വിശപ്പകറ്റാന്‍ കെ.എം.സി.സി ആരംഭിച്ച 'കാരുണ്യസ്പര്‍ശം' പദ്ധതിയിലൂടെ 4500ഒാളം ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, കെ.എച്ച്.കെ, ഇന്ത്യന്‍ എംബസി എന്നിവയുടെ സഹായവും ഇതിന് ലഭിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ മറ്റു രോഗങ്ങള്‍ക്കുള്ള മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കായി നടപ്പാക്കിയ കെ.എം.സി.സിയുടെ മെഡി ചെയിന്‍ പദ്ധതി ആശ്വാസമേകിയത് സ്ത്രീകളും വയോധികരുമടങ്ങിയ നിരവധി രോഗികള്‍ക്കാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായാണ് മരുന്ന് ലഭ്യമാക്കിയത്.
കഴിഞ്ഞ 11 വര്‍ഷത്തിലധികമായി നടത്തിവരുന്ന സമൂഹ രക്തദാന പദ്ധതിയായ ജീവസ്പര്‍ശം രക്തദാനം കോവിഡ് കാലത്തും സജീവമാക്കുന്നതില്‍ പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. നിയന്ത്രണങ്ങളുള്ളതിനാല്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ ബുദ്ധിമുട്ടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവര്‍ത്തനം. ലോക്ഡൗണിനെ തുടര്‍ന്ന് പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാതായപ്പോള്‍ ഓരോരുത്തര്‍ക്കും ഇഫ്താര്‍ കിറ്റുകളെത്തിക്കാനും കെ.എം.സി.സി മുന്നിട്ടിറങ്ങി. ദിവസവും ആറായിരത്തിലധികം പേർക്ക് ഇഫ്താര്‍ കിറ്റുകളെത്തിച്ചു.
പ്രതികൂല സാഹചര്യത്തിലും പ്രവാസികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും നൽകാൻ കെ.എം.സി.സിയുടെ വളൻറിയര്‍മാര്‍ 24 മണിക്കൂറും കര്‍മനിരതരായി പ്രവര്‍ത്തന രംഗത്തുണ്ട്. 20 കമ്മിറ്റികളിലായി 500 വളൻറിയമാരാണ് മുഴുവന്‍സമയ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്.വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്കു തിരിക്കുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തിലും മറ്റുമായി സഹായം നൽകാനും കെ.എം.സി.സി പ്രവര്‍ത്തകര്‍ മുൻനിരയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.