കോവിഡ് -19 വാക്സിൻ: മൂന്നാംഘട്ട പരീക്ഷണം ബഹ്റൈനിൽ തുടങ്ങി
text_fieldsമനാമ: ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കോവിഡ് -19 മരുന്നിെൻറ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ബഹ്റൈൻ ആരംഭിച്ചു. യു.എ.ഇയിൽ നടത്തിയ പരീക്ഷണത്തിന് നേതൃത്വം കൊടുത്തവരുമായും അവരുടെ ചൈനീസ് പങ്കാളികളുമായും സഹകരിച്ചാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതെന്ന് സുപ്രീം കൗൺസിൽ ഒാഫ് ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡൻറും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അധ്യക്ഷനുമായ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയിൽ പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡോ. നവാൽ അൽ കാബി, ഡോ. വലീദ് അബ്ബാസ്, ചൈന നാഷനൽ ബയോടെക് ഗ്രൂപ് (സി.എൻ.ജി.ബി), നിർമിത ബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനിയായ ഗ്രൂപ് 42 എന്നിവയുടെ പ്രതിനിധികൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അനുഭവസമ്പത്ത് പരസ്പരം കൈമാറുന്നതിലൂടെ മഹാമാരിയുടെ വ്യാപനം തടയാൻ കഴിയുമെന്ന് ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല പറഞ്ഞു.
ലോകാരോഗ്യ സംഘടന പട്ടികയിൽ ഉൾപ്പെടുത്തിയ കോവിഡ് മരുന്നിെൻറ മൂന്നാം ഘട്ടത്തിലെ ആദ്യ പരീക്ഷണത്തിലാണ് ബഹ്റൈൻ പെങ്കടുക്കുന്നത്.പരീക്ഷണത്തിന് സന്നദ്ധരായ 6000ഒാളം സ്വദേശികളിലും പ്രവാസികളിലും മരുന്ന് പരീക്ഷിക്കും. കോവിഡ് പ്രതിരോധത്തിനുള്ള നടപടികൾ ഉൗർജിതമാക്കി എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല പറഞ്ഞു.
സഹോദര രാജ്യമായ യു.എ.ഇയുമായുള്ള സഹകരണം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധത്തിന് നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് നടത്തുന്ന പ്രവർത്തനങ്ങൾ എസ്.സി.എച്ച് പ്രസിഡൻറ് വിവരിച്ചു. മുൻകരുതൽ നടപടികളിലൂടെ രോഗവ്യാപനം തടയുന്നതിന് ബഹ്റൈൻ സ്വീകരിച്ച നടപടികളെ പ്രതിനിധി സംഘം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.