കോവിഡ് കേസുകൾ കുതിച്ചുയരുന്നു; വേണ്ടത് അതിജാഗ്രത
text_fieldsമനാമ: ബഹ്റൈനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികയാനിരിക്കെ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കപ്പെടുത്തുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 14186 പേരെ പരിശോധിച്ചതിൽ 896 പേർക്കാണ് വെള്ളിയാഴ്ച പുതുതായി രോഗം കണ്ടെത്തിയത്. കോവിഡ് പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതിെൻറ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇതിനുമുമ്പ് കഴിഞ്ഞ വർഷം സെപ്റ്റംബർ 16നാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 841 പേർക്കാണ് അന്ന് പുതുതായി രോഗം കണ്ടെത്തിയത്. ഫെബ്രുവരി ഒന്നുമുതൽ കോവിഡ് കേസുകൾ തുടർച്ചയായി വർധിച്ചുവരുകയാണ്. ഫെബ്രുവരി ഒന്നിന് 525 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രണ്ടിന് ഇത് 657 ആയി ഉയർന്നു. നാലിന് 704 പേർക്കും എട്ടിന് 719 പേർക്കും ഒമ്പതിന് 759 പേർക്കും 10ന് 797 പേർക്കും 11ന് 812 പേർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് ബഹ്റൈനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിലാണ് പ്രതിദിന കേസുകൾ 500ന് മുകളിൽ കണ്ടെത്തിയത്. ഒക്ടോബർ തുടക്കത്തിലും 500ന് മുകളിൽ കേസുകൾ എത്തിയെങ്കിലും പിന്നീട് കുറഞ്ഞു. നവംബറിൽ 150ൽ താഴെ എത്തിയശേഷമാണ് ഇപ്പോൾ വീണ്ടും കുതിച്ചുയരുന്നത്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശനമായ നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. റസ്റ്റാറൻറുകളിൽ അകത്ത് ഭക്ഷണം നൽകുന്നത് നിർത്തി. ജിംനേഷ്യങ്ങളുടെയും കായിക കേന്ദ്രങ്ങളുടെയും സ്വിമ്മിങ് പൂളുകളുടെയും പ്രവർത്തവും നിർത്തിവെച്ചിരിക്കുകയാണ്. പള്ളികളിലെ പ്രാർഥനയും രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. കോവിഡ് പ്രതിരോധ മുൻകരുതലുകൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ബഹ്റൈനിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.
മുൻകരുതൽ നടപടികൾക്കൊപ്പം കോവിഡ് വാക്സിൻ നൽകുന്നതും ഉൗർജിതമായി പുരോഗമിക്കുന്നുണ്ട്. 2,32,540 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. റഷ്യയുടെ സ്പുട്നിക് 5 വാക്സിനും കഴിഞ്ഞദിവസം മുതൽ നൽകാനാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.