കോവിഡ് പ്രതിസന്ധി: ഉത്തേജന പാക്കേജിന് അംഗീകാരം
text_fieldsമനാമ: കോവിഡ് പ്രതിസന്ധി നേരിടാൻ സാമ്പത്തിക പാക്കേജ് അംഗീകരിച്ച് മന്ത്രിസഭ. ജൂൺ മുതൽ ആഗസ്റ്റ് വരെ മൂന്ന് മാസം പാക്കേജ് നീട്ടാനാണ് തീരുമാനം.ഇതനുസരിച്ച് ഇൻഷുറൻസുള്ള സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് ആദ്യ മാസം മുഴുവൻ വേതനവും രണ്ടും മൂന്നും മാസങ്ങളിൽ വേതനത്തിെൻറ 50 ശതമാനവും തംകീൻ തൊഴിൽ ഫണ്ടിൽ നിന്നും നൽകും.
കോവിഡ് സാരമായി ബാധിച്ച കമ്പനികളുടെ മൂന്ന് മാസത്തെ മുനിസിപ്പൽ ഫീസ് ഇളവ് നൽകും. ടൂറിസം സ്ഥാപനങ്ങൾക്കും കേന്ദ്രങ്ങൾക്കും മൂന്ന് മാസത്തേക്ക് ടൂറിസം ഫീസ് ഇളവ് നൽകും. സർക്കാറിെൻറയും സർക്കാർ കമ്പനികളുടെയും കീഴിലുള്ള കെട്ടിടങ്ങളുടെ വാടക മൂന്ന് മാസത്തേക്ക് അടക്കേണ്ട. കോവിഡ് പ്രതിസന്ധി ബാധിച്ച കമ്പനികളുടെ സി.ആർ പുതുക്കാനുള്ള ഫീസ് ഒഴിവാക്കും.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രത്യേകം പരിഗണിക്കും. കോവിഡ് പ്രതിരോധ സമിതിയുടെ പ്രവർത്തനങ്ങളെ ഹമദ് രാജാവ് പ്രത്യേകം അഭിനന്ദിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവ മുൻനിർത്തി സമിതി സ്വീകരിച്ച നടപടികൾ ശരിയായ ദിശയിലാണെന്നും രാജാവ് വിലയിരുത്തി. പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾ മുന്നോട്ടുവരുന്നത് ശുഭോദർക്കമാണെന്നും മന്ത്രിസഭ വിലയിരുത്തി.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നീ വിഷയങ്ങളിൽ ബഹ്റൈൻ റിപ്പോർട്ടിന് മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ധനകാര്യ വർക്ക് ഗ്രൂപ്പിന്റെ അംഗീകാരം ലഭിച്ചത് സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ ബഹ്റൈൻ നടത്തുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാവുന്നതായും വിലയിരുത്തി.
ഹെൽത്ത് സിറ്റി 2021 ആയി മനാമയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. ആരോഗ്യ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടം അടയാളപ്പെടുത്തുന്നതാണിതെന്നും അംഗങ്ങൾ വ്യക്തമാക്കി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ചികിത്സ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഇത് പ്രേരണയാകട്ടെയെന്നും ആശംസിച്ചു.സുരക്ഷ കൗൺസിലിൽ 2022-2023 വർഷത്തേക്ക് സ്ഥിരമല്ലാത്ത അംഗത്വം ലഭിച്ച യു.എ.ഇക്ക് കാബിനറ്റ് അഭിനന്ദനങ്ങൾ അറിയിച്ചു.
ബഹ്റൈനും സീഷെൽസും തമ്മിൽ കോവിഡ് വാക്സിൻ, ഭേദമാകൽ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കാനുള്ള വിദേശകാര്യ മന്ത്രിയുടെ നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന മന്ത്രിസഭ യോഗതീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.