കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ആരോഗ്യമന്ത്രി സന്ദർശനം നടത്തി
text_fieldsമനാമ: കോവിഡ് പരിശോധന കേന്ദ്രങ്ങളിലും ചികിത്സ കേന്ദ്രങ്ങളിലും ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് സന്ദർശനം നടത്തി. കോവിഡ് പ്രതിരോധ, ചികിത്സാരംഗത്തെ മുന്നണിപ്പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റിവ് വിഭാഗം ജീവനക്കാർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
കോവിഡ് നേരിടുന്നതിൽ രാജ്യം കൈവരിച്ച മികച്ച നേട്ടത്തിനുപിന്നിൽ ഇവരുടെ ആത്മാർഥമായ സേവനമാണെന്ന് മന്ത്രി അനുസ്മരിച്ചു. കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ വിളിക്കുന്നതിനുള്ള 444 കാൾ സെൻററിലായിരുന്നു മന്ത്രിയുടെ ആദ്യ സന്ദർശനം. ഫെബ്രുവരിയിൽ സെൻറർ പ്രവർത്തനമാരംഭിച്ചത് മുതൽ നടത്തിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. കാളുകൾ സ്വീകരിക്കാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും വിളിക്കുന്നവർക്ക് പരിശോധനക്കും മറ്റും ആവശ്യമായ നിർദേശങ്ങൾ നൽകാനും കാൾ സെൻററിലെ ജീവനക്കാർക്ക് കഴിഞ്ഞതായി വിലയിരുത്തി. തുടർന്ന്, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ കോവിഡ് പരിശോധന കേന്ദ്രത്തിലായിരുന്നു സന്ദർശനം.
വിദേശത്തുനിന്ന് വരുന്നവരെയും രോഗലക്ഷണങ്ങളുള്ളവരെയും പരിശോധിക്കുന്നതിനുള്ള കേന്ദ്രമാണ് ഇത്. ആരോഗ്യമന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. നജാത് അബുൽ ഫത്താഹ് മന്ത്രിയെ സ്വീകരിച്ചു. 400 കിടക്കകളാണ് ഇവിടെയുളളത്. പരിശോധനക്ക് എത്തുന്നവർക്ക് കാത്തിരിക്കാനായി 1000 കസേരകളുമുണ്ട്. മൂന്ന് ക്ലിനിക്കുകൾ, 12 ട്രീറ്റ്മെൻറ് കിടക്കകൾ, സാമ്പിളുകൾ ശേഖരിക്കുന്നതിന് 42 സ്റ്റേഷനുകൾ, ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിന് 16 സ്റ്റേഷനുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പിന്നീട് ബഹ്റൈൻ ഇൻറർനാഷനൽ ഹോസ്പിറ്റലിലായിരുന്നു സന്ദർശനം. നിലവിലുള്ള രോഗികളെ ചികിത്സിക്കുന്ന ഇൗ ആശുപത്രിയുടെ പ്രവർത്തനം ആരോഗ്യമന്ത്രാലയത്തിെൻറയും റോയൽ മെഡിക്കൽ സർവിസസിെൻറയും സഹകരണത്തോടെ കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീമിെൻറ മേൽനോട്ടത്തിലാണ്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സാംക്രമിക രോഗ വിദഗ്ധ ഡോ. ജമീല അൽ സൽമാൻ മന്ത്രിയെ സ്വീകരിച്ചു. ആലിയിലെ അൽ ഷാമിൽ ഹോസ്പിറ്റലാണ് മന്ത്രി അവസാനം സന്ദർശിച്ചത്. വീട്ടുനിരീക്ഷണം തെരഞ്ഞെടുത്ത രോഗികളുടെ തുടർവിവരങ്ങൾ നോക്കുന്നത് ഇൗ ആശുപത്രിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.