ബഹ്റൈനിൽ വരാൻ കോവിഡ് ടെസ്റ്റ് നിർബന്ധം; കോഴിക്കോട് ഏഴുപേരെ തിരിച്ചയച്ചു
text_fieldsമനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് ആർ.ടി. പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ പ്രാബല്യത്തിൽവന്നു. കുട്ടികളും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന വേണമെന്ന നിബന്ധനയുണ്ട്.
പുതിയ നിയമം അറിയാതെ തിങ്കളാഴ്ച വൈകീട്ട് കോഴിക്കോടുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ഏതാനും പേരെ തിരിച്ചയച്ചു. തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞ് ബഹ്റൈനിൽ എത്തുന്നതായതിനാലാണ് ഇൗ വിമാനത്തിലെ യാത്രക്കാർക്കും നിബന്ധന ബാധകമാക്കിയത്.
161 പേരാണ് ഇൗ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരുന്നത്. ഇതിൽ നാല് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ഇല്ലാത്തതും മൂന്ന് യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റിെൻറ 48 മണിക്കൂർ സമയപരിധി കടന്നുപോയതുമാണ് പ്രശ്നമായത്. കണ്ണീരോടെയാണ് പലരും വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോയതെന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാരിലൊരാൾ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് ഇന്ന് മുതൽ നിർബന്ധമാക്കിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കുറിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റാണ് വേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും കുട്ടികൾക്കുൾപ്പെടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.
കുട്ടികൾക്ക് കോവിഡ് പരിശോധന വേണോ എന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിെൻറ ഒരു അറിയിപ്പിൽ ആറ് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം, എയർലൈൻസുകൾ ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ എല്ലാ യാത്രക്കാർക്കും പരിശോധന വേണമെന്ന് വ്യക്തമാക്കിയിരുന്നു.
ഗൾഫ് എയർ കോഴിക്കോെട്ട ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ കുട്ടികളും ശിശുക്കളും ഉൾപ്പെടെ എല്ലാ യാത്രക്കാരും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബഹ്റൈൻ എയർപോർട്ടിെൻറ ട്വിറ്റർ അക്കൗണ്ടിലും എല്ലാ യാത്രക്കാർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയതോടെ അതുവഴി ബഹ്റൈനിലേക്ക് വരാനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്. ഇതോടെ, ബഹ്റൈനിലേക്ക് ടിക്കറ്റ് നിരക്കും ഉയർന്നു. കോഴിക്കോട്ടുനിന്ന് മെയ് 10നാണ് നിലവിൽ ടിക്കറ്റ് ലഭ്യമായിട്ടുള്ളത്. 296 ദിനാറാണ് ഇതിൽ ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.