കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ്: ക്യൂ.ആർ കോഡ് വില്ലനാവുന്നു; യാത്രക്കാർ വീണ്ടും കുടുങ്ങി
text_fieldsമനാമ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് പ്രശ്നത്തിൽ വീണ്ടും യാത്രക്കാർ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചിയിൽനിന്ന് ചാർേട്ടഡ് വിമാനത്തിൽ എത്തിയ യാത്രക്കാരിൽ ചിലർക്കാണ് പ്രശ്നം നേരിട്ടത്. ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുേമ്പാൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് പി.ഡി.എഫ് രൂപത്തിൽ ലഭിക്കാത്തതാണ് പ്രശ്നമായത്. ഒടുവിൽ നാട്ടിലെ ലബോറട്ടറിയിൽ ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടശേഷമാണ് ഇവർക്ക് പുറത്തിറങ്ങാനായത്.
ഇന്ത്യ ഉൾപ്പെടെ മൂന്നു രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏപ്രിൽ 27 മുതൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇൗ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. മേയ് മൂന്നുമുതൽ ശ്രീലങ്കയിൽനിന്നുള്ള യാത്രക്കാർക്കും ഇൗ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കുറിനുള്ളിൽ െഎ.സി.എം.ആർ അംഗീകൃത ലാബിൽ നടത്തിയ കോവിഡ് ടെസ്റ്റിെൻറ ഫലമാണ് ഹാജരാക്കേണ്ടത്. ആറു വയസ്സും അതിന് താഴെയുമുള്ള കുട്ടികൾ ഒഴികെ എല്ലാ യാത്രക്കാർക്കും ഇൗ നിബന്ധന ബാധകമാണ്. സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ലാബിൽനിന്ന് ലഭിക്കുന്ന പ്രിൻറ് ചെയ്ത സർട്ടിഫിക്കറ്റിെൻറ രൂപത്തിൽ തന്നെയാണ് ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുേമ്പാൾ കാണേണ്ടത്. എന്നാൽ, ചില യാത്രക്കാരുടെ സർട്ടിഫിക്കറ്റിലെ കോഡ് ബഹ്റൈൻ എമിഗ്രേഷനിൽ സ്കാൻ ചെയ്തപ്പോൾ പേരും മറ്റു വിവരങ്ങളും നിശ്ചിത രൂപത്തിലല്ല ലഭിച്ചത്. ഇതേത്തുടർന്നാണ് ഇവർക്ക് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കഴിയേണ്ടിവന്നത്.
വ്യാഴാഴ്ച ഡൽഹിയിൽനിന്ന് വന്ന ഗൾഫ് എയർ വിമാനത്തിലെ ഏഴു യാത്രക്കാർക്കും സമാന പ്രശ്നം നേരിടേണ്ടിവന്നു. ഇവർക്കും മണിക്കൂറുകളോളം വിമാനത്താവളത്തിൽ കഴിയേണ്ടിവന്നു.യാത്രക്കാർ നാട്ടിൽനിന്ന് തന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റ് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പാക്കുകയാണ് ഇതിനുള്ള പോംവഴിയെന്ന് സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡുമായ സുധീർ തിരുനിലത്ത് പറഞ്ഞു. മൊബൈൽ ഫോണിൽ ക്യൂ.ആർ കോഡ് സ്കാനർ ആപ് ഇൻസ്റ്റാൾ ചെയ്ത് ഒാരോരുത്തർക്കും ഇത് പരിശോധിക്കാം. സർട്ടിഫിക്കറ്റ് നിശ്ചിത രൂപത്തിലല്ലെങ്കിൽ ലാബുമായി ബന്ധപ്പെട്ട് പരിഹരിച്ചശേഷം വേണം യാത്ര പുറപ്പെടാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.