കോവിഡ് പ്രതിരോധം വിവിധ തലങ്ങളിൽ
text_fieldsമനാമ: കോവിഡിനെ പ്രതിരോധിച്ച് രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വിവിധ തലങ്ങളിലുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആഗോള നിലവാരത്തിലും ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്കനുസരിച്ചുമാണ് ഇൗ നടപടികൾ.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് കോവിഡ് 19 വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയത്. റാപിഡ് ആൻറിജൻ പരിശോധന രാജ്യത്ത് ആരംഭിച്ചതും രോഗപ്രതിരോധ നടപടികളുടെ ഭാഗമായാണ്. മൂക്കിൽനിന്നുള്ള സ്രവം എടുത്ത് നടത്തുന്ന പരിശോനയിലൂടെ 15 മിനിറ്റിനകം ഫലം അറിയാനാകും. സ്പെഷലൈസ്ഡ് ലബോറട്ടറി ഇല്ലാതെ തന്നെ ഇൗ പരിശോധന നടത്താൻ കഴിയും. അതേസമയം, പി.സി.ആർ പരിശോധനയാണ് ബഹ്റൈനിൽ അംഗീകാരമുള്ള ഏക പരിശോധന സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ആരോഗ്യസംബന്ധമായ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയം പുതിയ വെബ്സൈറ്റ് ആരംഭിച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള കർമപദ്ധതികൾക്ക് പിന്തുണയേകുന്നതാണ് ഇൗ വെബ്സൈറ്റ്. കോവിഡ് ഇല്ലാതായശേഷവും വെബ്സൈറ്റ് തുടരും. പുതിയ ആരോഗ്യ വിവരങ്ങൾക്ക് എല്ലാവരും healthalert.gov.bh എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. മഹാമാരിയുടെ കാലത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമായി ഇൻറർനാഷനൽ എയർപോർട്സ് കൗൺസിലിെൻറ ഹെൽത്ത് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടിയ ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിനെ അദ്ദേഹം അഭിനന്ദിച്ചു.
സ്കൂളുകളിൽ ആരോഗ്യസുരക്ഷ നടപടികൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് നടപടികൾ സ്വീകരിക്കുന്നുണ്ട്. ചില സ്വകാര്യ സ്കൂളുകളിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ഇവിടെ പഠനം 10 ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകൾ പൂർണമായും അണുമുക്തമെന്ന് ഉറപ്പുവരുത്തിയാകും ക്ലാസുകൾ പുനരാരംഭിക്കുക. കോവിഡ് മുക്തി നേടിയവർ രക്തദാനത്തിന് മുന്നോട്ടുവരണമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗം ലെഫ്. കേണൽ മനാഫ് അൽ ഖത്താനി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.