കോവിഡ് പരിശോധനകളും വാക്സിനേഷനും ഇനി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ
text_fieldsമനാമ: കോവിഡ് സംബന്ധമായ പരിശോധനകളും വാക്സിനേഷനും ഡിസംബർ നാലുമുതൽ രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നൽകുമെന്ന് കോവിഡ് പ്രതിരോധ ദേശീയ മെഡിക്കൽ സമിതി അറിയിച്ചു. സിത്ര മാളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സൗകര്യവും വാക്സിനേഷൻ കേന്ദ്രവും നിർത്തലാക്കിയതിനെത്തുടർന്നാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് സംബന്ധമായ എല്ലാ ചികിത്സകളും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ 'സെഹാതി' കെട്ടിടത്തിൽ നൽകും. ബഹ്റൈൻ ഇന്റർനാഷനൽ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന താൽക്കാലിക സൗകര്യം അടച്ചുപൂട്ടുമെന്നും ടാസ്ക്ഫോഴ്സ് കൂട്ടിച്ചേർത്തു. പ്രതിദിന സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതും അവസാനിപ്പിക്കും.രാജ്യത്തെ കോവിഡ് രോഗികളുടെ ആശുപത്രിവാസ നിരക്കുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും പ്രവണതകളും സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷമാണ് തീരുമാനമെടുത്തതെന്ന് ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് തലവൻ ലെഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
മഹാമാരിയെ വിജയകരമായി നേരിടുന്നതിൽ രാജ്യത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ് നടപടിയെന്നും രാജ്യത്തിന്റെ നേട്ടം ആഗോള മാതൃകയായെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്19 വൈറസുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങൾ ആരോഗ്യമേഖല നിരീക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.