ആശങ്ക വേണ്ട; സമാധാനത്തോടെ ഇരിക്കൂ...
text_fields‘കൊറോണ വൈറസ്’, ‘കോവിഡ്-19’; എല്ലാവരുടെയും ചുണ്ടിൽ ഇപ്പോൾ ഇൗ രണ്ട് വാക്കുകളാണ്. ലോകത്തെ മൊത്തം ഇൗ മഹാമാരി അടച്ചുപൂട്ടി. ബിസിനസുകൾ കുറഞ്ഞു, ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു, അടുത്ത നേരത്തെ ഭക്ഷണത്തെക്കുറിച്ച് പലർക്കും നിശ്ചയമില്ല. കാണാൻപോലും പറ്റാത്ത ഒരു വൈറസ് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്. മനുഷ്യെൻറ സാധാരണ ജീവിതത്തെ തകിടം മറിച്ച ഇൗ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള വഴികളാണ് എല്ലാവരും തേടുന്നത്. ഇൗ പകർച്ചവ്യാധിയുടെ കാലത്ത് നമ്മുടെ ആരോഗ്യ രംഗം ഇനി എങ്ങനെയായിരിക്കും? ഭാവി എന്താണെന്ന് പ്രവചിക്കുക അസാധ്യമാണ്. ചില അനുമാനങ്ങൾ നടത്താൻ മാത്രമേ നമുക്ക് കഴിയൂ. ഇതുവരെ, എന്ത് ചെറിയ രോഗങ്ങൾക്കും നാം ആശുപത്രികളിലേക്ക് ഒാടുമായിരുന്നു. ഡോക്ടറെ കാണും, ലബോറട്ടറി പരിശോധനകൾ നടത്തും, കുറിച്ചു തരുന്ന മരുന്നുകൾ കഴിക്കും. എന്നാൽ, മഹാമാരിയുടെ വരവോടെ കാര്യങ്ങൾ മാറി. ആശുപത്രികളിൽ പോകാൻ ആളുകൾക്ക് ഭയമാണ്. വീടുകളിൽതന്നെ കഴിയാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.
ഒരർഥത്തിൽ ഇത് നല്ലതാണ്. കാരണം, മെഡിക്കൽ സേവനത്തിെൻറ ഭാരം കുറക്കാൻ ഇത് സഹായിക്കും. എെൻറ ഉപദേശവും സമാനമാണ്. അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ, നമ്മുടെ മുത്തശ്ശിമാർ പറഞ്ഞിരുന്ന ചികിത്സാ രീതികൾ തന്നെയാണ് നല്ലത്. ‘അസുഖമുണ്ടെങ്കിൽ ഇഷ്ടംപോലെ ഇളം ചൂട് വെള്ളം കുടിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. വീട്ടിൽതന്നെ കഴിയുക.’അതേസമയം, പ്രമേഹം, അമിത രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ പഴക്കംചെന്ന അസുഖങ്ങളുള്ളവർ സ്ഥിരമായ മരുന്നുകൾ അവഗണിക്കരുത്. മരുന്നുകൾ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ നിർത്തരുത്. ബഹ്റൈനിൽ മരുന്നുകൾ ഒാൺലൈനായി എത്തിക്കുന്നതിന് മന്ത്രാലയം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. റഗുലർ ൈഫ്ലറ്റുകൾ ഇപ്പോൾ ഇല്ലാത്തതിനാൽ ഇന്ത്യയിൽനിന്ന് മരുന്നുകൾ കൊണ്ടുവരുന്നവർക്ക് കൊറിയർ സർവിസാണ് ആശ്രയം.
വാട്സ്ആപ് ഡോക്ടർമാരെ ആശ്രയിക്കരുത്
ഉത്കണ്ഠയാണ് മറ്റൊരു പ്രശ്നം. വാട്സ്ആപ് ഡോക്ടർമാരുടെ നിർദേശങ്ങളും അശാസ്ത്രീയ സന്ദേശങ്ങളും കണ്ട് ആളുകൾ ആശയക്കുഴപ്പത്തിലാണ്. ദയവായി അതെല്ലാം വിട്ട് സമാധാനത്തോടെ ഇരിക്കുക. സ്ഥിരമായ വ്യായാമം ചെയ്തുകൊണ്ട് വീട്ടിൽ കഴിയുക. മൊബൈൽ ഫോണിൽ പ്രളയമായി വരുന്ന സന്ദേശങ്ങളെല്ലാം വിശ്വസിക്കരുത്. ടി.വി പരിപാടികൾ ‘കോവിഡ്...കൊറോണ’മയമാണ്. അത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിൽ അധിക സമയം കാണാതിരിക്കുകയാണ് നല്ലത്. മനസ്സമാധാനത്തോടെ കഴിയാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. കോവിഡ് ലക്ഷണങ്ങളെക്കുറിച്ച് വായിക്കുകയോ കേൾക്കുകയോ ചെയ്യുേമ്പാൾ നിങ്ങൾക്കും അെതല്ലാം ഉണ്ടെന്ന് തോന്നാം. ഇത് മനുഷ്യരിലെ ഒരു പ്രവണതയാണ്. ലക്ഷണങ്ങൾ വെച്ച് ഗൂഗ്ളിൽ തെരയരുത്. അത് പരിഭ്രാന്തിക്കിടയാക്കാം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെട്ട് വ്യക്തത വരുത്തുക. ബഹ്റൈനിൽ കേസുകളുടെ എണ്ണം വർധിക്കുന്നതിൽ പലർക്കും ആശങ്കയുണ്ട്. കൂടുതൽ ടെസ്റ്റുകൾ നടക്കുന്നതുകൊണ്ടാണ് അത്. മതിയായ ആരോഗ്യ സുരക്ഷ നൽകുന്നതിൽ ബഹ്റൈൻ സർക്കാറും അധികൃതരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. അവരെ നാം സല്യൂട്ട് ചെയ്യണം. മിക്ക കോവിഡ് കേസുകളും ഏതൊരു വൈറൽ അണുബാധപോലെ സുഖപ്പെടുന്നതാണ്. ചെറിയൊരു ശതമാനം മാത്രമാണ് പ്രത്യേക ശ്രദ്ധ വേണ്ടരീതിയിൽ ഗുരുതരമാകുന്നത്. ഇത്തരം കേസുകളിൽ സ്വയം ചികിത്സക്ക് നിൽക്കാതെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകയാണ് വേണ്ടത്.
അടുത്ത് പോകാതെ ഡോക്ടറെ കാണാം
കൃത്യമായ ഉത്തരമില്ലാത്ത വലിയൊരു ചോദ്യമാണ് ഇത്. ടെലിമെഡിസിനും ഒാൺലൈൻ കൺസൾേട്ടഷനും ഭാവിയിൽ സാധാരണമാകാം. ഇപ്പോൾതന്നെ ഇത് തുടങ്ങിക്കഴിഞ്ഞു. ഡോക്ടറുടെ അടുത്ത് നേരിട്ടുപോയി ചികിത്സ നേടാൻ ആഗ്രഹിക്കുന്ന ഇപ്പോഴത്തെ തലമുറക്ക് ഇത് ഉൾക്കൊള്ളാനായെന്നുവരില്ല. പരിമിതകളുണ്ടെങ്കിലും പുതിയ ചികിത്സാരീതി ഫലപ്രദമാണ്. ഡോക്ടർക്ക് നിങ്ങളെയും നിങ്ങൾക്ക് ഡോക്ടറെയും കാണാൻ കഴിയും. ഇരുകൂട്ടരും തമ്മിലെ വിശദമായ സംഭാഷണത്തിനൊടുവിൽ രോഗ നിർണയത്തിലേക്ക് എത്താൻ കഴിയും. അതനുസരിച്ച് മരുന്നുകളും നിർദേശിക്കാൻ സാധിക്കും. എന്നാലും, നേരിട്ട് എത്താൻ ചിലപ്പോൾ രോഗിയോട് ഡോക്ടർ ആവശ്യപ്പെേട്ടക്കാം. ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുക. ശാസ്ത്രീയമായ അടിത്തറയുള്ള ടെലി കൺസൾേട്ടഷൻ പലരാജ്യങ്ങളിലും വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ അലയൊലികൾ അടങ്ങിക്കഴിയുേമ്പാൾ, ഭാവി ചികിത്സാരീതികളിൽ പലതരത്തിലും മാറ്റങ്ങൾ വരും. ഇൗ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നാം തയാറാകണം. ഭാവിയിൽ മെഡിക്കൽ ഇൻഷുറൻസ് ചികിത്സയിൽ വലിയ പങ്കുവഹിക്കും. അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുേമ്പാൾ അതിലെ നിബന്ധനകളെല്ലാം വ്യക്തമായി വായിച്ച് മനസ്സിലാക്കാനും തയാറാകണം.
ഇൗ ദുരിതവും കടന്നുപോകും
ഇൗ മഹാമാരി നമ്മെ പലകാര്യങ്ങളും പഠിപ്പിച്ചു. നാം ചന്ദ്രനെ കീഴടക്കി. ചൊവ്വയിലേക്ക് പേടകങ്ങൾ അയച്ചു. അക്ഷരാർഥത്തിൽ പ്രകൃതിയെ നശിപ്പിച്ചു. ഇപ്പോൾ പ്രകൃതി തിരിച്ചടിക്കുകയാണ്. ചന്ദ്രനിൽ ഇറങ്ങിയ നമുക്ക് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ല. തെറ്റുകളിൽനിന്ന് നാം പാഠം പഠിക്കണം. അണുബാധ തടയാൻ വ്യക്തിശുചിത്വത്തെക്കുറിച്ചും സാമൂഹിക അകലത്തെക്കുറിച്ചും മാസ്ക് ധരിക്കുന്നതിനെക്കുറിച്ചും നാം പഠിച്ചു. മലിനീകരണം തടയാനും നാം പഠിച്ചു. ഇനി രണ്ടുവർഷം കഴിഞ്ഞാൽ, പഠിച്ചതൊന്നും നാം മറക്കരുത്. ആരോഗ്യമാണ് സമ്പത്ത്. ലോകാരോഗ്യ സംഘടന നിർവചിച്ചതുപോലെ, ‘ശാരീരിക, മാനസിക, സാമൂഹിക സൗഖ്യത്തിെൻറ അവസ്ഥയാണ് ആരോഗ്യം’. എല്ലാവർക്കും ആരോഗ്യകരവും മനോഹരവുമായ ഒരു ജീവിതം നേരുന്നു. സുരക്ഷിതരായിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.