വ്യവസായ വാണിജ്യ മന്ത്രിയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: വ്യവസായ വാണിജ്യ മന്ത്രിയും ഗൾഫ് എയർ ചെയർമാനുമായ സായിദ് ബിൻ റാഷിദ് അൽ സയാനി, ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വലീദ് അൽ അലാവി എന്നിവരുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. ലോകത്തെ ഏറ്റവും പുരോഗതി കൈവരിച്ച എയർലൈൻ എന്ന ബഹുമതി ഗൾഫ് എയറിന് ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന സ്കൈട്രാക്സ് വേൾഡ് ഏവിയേഷൻ അവാർഡ് ദാന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ദേശീയ സമ്പദ്‍വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിൽ ലോജിസ്റ്റിക്സ് മേഖലയുടെ പ്രാധാന്യം കിരീടാവകാശി എടുത്തുപറഞ്ഞു. വ്യോമ ഗതാഗതരംഗത്ത് ഗൾഫ് എയർ കൈവരിച്ച പുരോഗതിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ആഗോളതലത്തിൽ എല്ലാ മേഖലയിലും ബഹ്റൈന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതരത്തിൽ ഗൾഫ് എയറിന്റെ പ്രവർത്തനവും സേവനങ്ങളുടെ ഗുണമേൻമയും വർധിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി. പുരസ്കാര നേട്ടത്തിൽ ഗൾഫ് എയർ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. ബഹ്റൈന്റെ ലോജിസ്റ്റിക്സ് മേഖലക്ക് നൽകുന്ന പിന്തുണക്ക് മന്ത്രിയും ആക്ടിങ് സി.ഇ.ഒയും കിരീടാവകാശിക്ക് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.