സാംസ്കാരിക ഉത്സവം ദിശ 2025 ഉദ്ഘാടനം ചെയ്തു
text_fieldsദിശ -2025 ഉദ്ഘാടനം സുബൈർ കണ്ണൂർ നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസം നീണ്ടുനിൽക്കുന്ന സാംസ്കാരിക ഉത്സവം ദിശ -2025 ഉദ്ഘാടനം പ്രതിഭ സെൻട്രൽ ഹാളിൽ വെച്ച് വിപുലമായ ചടങ്ങുകളോടെ നടന്നു. ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിൽ നിലനിൽക്കുന്ന സാംസ്കാരിക ഐക്യവും മതമൈത്രിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെടുകയുണ്ടായി.
സംഘാടകസമിതി ചെയർപേഴ്സൻ എം.കെ വീരമണി, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ മെംബറുമായ സി.വി നാരായണൻ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എൻ.വി ലിവിൻകുമാർ, മഹേഷ് യോഗിദാസ്, വനിത വേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സുജിത രാജൻ, വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ, മനാമ മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ, മേഖല ആക്ടിങ് പ്രസിഡന്റ് റാഫി കല്ലിങ്കൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ മനോജ് പോൾ സ്വാഗതം അറിയിച്ച ചടങ്ങിൽ സംഘാടകസമിതി ജോയന്റ് കൺവീനർ ലിനീഷ് കാനായി അധ്യക്ഷത വഹിച്ചു. മേഖല എക്സിക്യൂട്ടിവ് അംഗം സരിതകുമാർ നന്ദി രേഖപ്പെടുത്തി.
പ്രതിഭ സ്വരലയ അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിനുശേഷം മേഖലയിലെ പ്രതിഭ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ദിശ 2025ന്റെ ഭാഗമായി മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായി വിവിധ കല, കായിക, സാഹിത്യ, പ്രസംഗ, ചിത്രരചന മത്സരങ്ങളും ശിൽപശാലകളും നാടക പ്രദർശനവും സംഘടിപ്പിക്കപ്പെടും. ബഹ്റൈൻ പ്രതിഭ മനാമ മേഖലയിലെ എട്ട് യൂനിറ്റുകളിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായ സാംസ്കാരിക പ്രതിഭകളെ കണ്ടെത്താനും, അവരുടെ സർഗവാസനകളെ പരിപോഷിപ്പിക്കാനും സജീവമാക്കാനും ദിശ 2025 സാംസ്കാരികോത്സവത്തിലൂടെ സാധിക്കുമെന്ന് സംഘാടകസമിതി പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.