സാംസ്കാരിക വസന്തോത്സവത്തിന് തുടക്കം; ഇനി കലയുടെ ദിനരാത്രങ്ങൾ
text_fieldsമനാമ: ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 18ാമത് സാംസ്കാരിക വസന്തോത്സവത്തിന് പ്രൗഢഗംഭീര തുടക്കം. സംഗീതജ്ഞരായ സെയാദ് സൈമാൻ, അഹമ്മദ് അൽ ജുമൈരി എന്നിവർ അവതരിപ്പിച്ച സംഗീത പരിപാടിയോടെയാണ് ബഹ്റൈൻ നാഷനൽ തിയറ്ററിൽ സ്പ്രിങ് ഓഫ് കൾചറിന് തുടക്കമായത്.
ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾചറൽ സെന്റർ, അൽ ദാന തിയറ്റർ, അൽ റവാഖ് ആർട്സ് സ്പേസ്, അൽ ബാരിഹ് ഫൈനാർട്സ്, ആർട്ട് കൺസെപ്പ്പ്, ലാ ഫൊണ്ടെയ്ൻ സെൻറർ ഫോർ കണ്ടംപററി ആർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
മാർച്ച് വരെ നീണ്ടുനിൽക്കുന്ന വസന്തോത്സത്തിൽ നാഷനൽ തിയറ്റർ സ്റ്റേജ് നിരവധി മാസ്മരിക പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കും.
വഹീദ് അൽ ഖാൻ അവതരിപ്പിക്കുന്ന ‘ബാക്ക് ടു ലൈഫ്’ സംഗീതപരിപാടി, ഡോ. അബാദി അൽ-ജോഹറിന്റെ സംഗീത പ്രകടനം എന്നിവ സംഗീതപ്രേമികൾക്ക് വിരുന്നായി മാറും. പ്രശസ്ത കലാകാരന്മാരായ ഖാലിദ് അൽ ഷെയ്ഖും ഹുദ അബ്ദുല്ലയും സായാഹ്നത്തെ സമ്മോഹനമാക്കും.
അൽ ദന ആംഫി തിയറ്ററിൽ നാടകവും സംഗീതവും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ‘സ്റ്റാർ ഓഫ് ദി ഓറിയന്റ്’ അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ അൽ ദാന ആംഫി തിയറ്റർ വിവിധ അന്താരാഷ്ട്ര ഷോകൾക്ക് വേദിയാകും. മറൂൺ 5-ന്റെ കച്ചേരി, ജോഹാൻ സ്ട്രോസ് ഓർക്കസ്ട്രക്കൊപ്പം വയലിനിസ്റ്റ് ആന്ദ്രേ റിയുവിന്റെ പ്രകടനം, കോമഡി ഐക്കണുകളായ ട്രെവർ നോഹും കെവിൻ ഹാർട്ടും അവതരിപ്പിക്കുന്ന ഷോ എന്നിവ ഇതിൽ ഉൾപ്പെടും.
ഈ വർഷം, ആർക്കിയോളജി വാക്കത്തൺ ഉൾപ്പെടെ വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബഹിയൽ മൂണ്ടിലൂടെ ടൂർ, ഫിഷ് ട്രാപ്പുകൾ വീക്ഷിക്കാനും അവയെക്കുറിച്ചറിയാനുമുള്ള അവസരം, അൽജാസർ ഫാക്ടറി സന്ദർശനം എന്നിവയും നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും വിദ്യാഭ്യാസ പരിപാടികൾ, കരകൗശല വസ്തുക്കൾ, കലകൾ, ഡിസൈൻ തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന ശിൽപശാലകൾ എന്നിവയും നടക്കും.
ഇൻസ്റ്റഗ്രാം, എക്സ്, ഫേസ്ബുക്ക്, യുട്യൂബ്, ടിക് ടോക്ക്, സ്നാപ് ചാറ്റ് എന്നിവയിലെ ഔദ്യോഗിക അക്കൗണ്ടായ @springofcultureൽ കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും ലഭിക്കും. www.springofculture.org സന്ദർശിച്ചാൽ കൂടുതൽ വിശദാംശങ്ങൾ അറിയാം. വിവിധ പരിപാടികൾക്കും വർക്ക്ഷോപ്പുകൾക്കും രജിസ്റ്റർ ചെയ്യാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.