പ്രവാസികളെ ചേർത്തുപിടിച്ച ബജറ്റ് - സി.വി. നാരായണൻ
text_fieldsമനാമ: കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ തകർത്തുകൊണ്ടിരിക്കുന്ന കേന്ദ്രനയങ്ങളുടെ കാലത്ത് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് വിലക്കയറ്റം തടയുന്നതിനും അതിദാരിദ്ര്യ നിർമാർജനത്തിനുമാണ് പ്രധാന പരിഗണന നൽകിയിരിക്കുന്നതെന്ന് ലോക കേരളസഭ അംഗം സി.വി. നാരായണൻ പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രബജറ്റിൽ പ്രവാസികളെ പൂർണമായി അവഗണിച്ചപ്പോൾ കേരളത്തിന്റെ ബജറ്റിൽ അവരെ ചേർത്തുപിടിക്കുകയാണ് ചെയ്തത്. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ മേഖലകൾക്കായി 225 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടി, മരിച്ചുപോയ പ്രവാസികളുടെ ആശ്രിതരുടെ സഹായത്തിനായി സാന്ത്വനം പദ്ധതിക്ക് 33 കോടി രൂപ, ക്ഷേമപ്രവർത്തനങ്ങൾക്ക് 50 കോടി രൂപ, നൈപുണ്യ വികസനത്തിന് 34 കോടി, അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് വർധനക്ക് പരിഹാരമായി ചാർട്ടേഡ് വിമാന സർവിസ് ഏർപ്പെടുത്തുന്നതിന് 15 കോടി, ലോക കേരളസഭയുടെ തുടർപ്രവർത്തനങ്ങൾക്ക് 2.5 കോടി, ചികിത്സക്കായി നാട്ടിലെത്തുന്നവരെ സഹായിക്കാൻ ആംബുലൻസ് സേവനത്തിന് 60 ലക്ഷം എന്നിങ്ങനെയാണ് പ്രവാസികൾക്കായി തുക മാറ്റിവെച്ചിരിക്കുന്നത്.
62 ലക്ഷത്തോളം നിർധനരായ ആളുകൾക്ക് ക്ഷേമപെൻഷൻ കൊടുക്കാനാണ് പെട്രോൾ, ഡീസൽ എന്നിവക്ക് ചുമത്തിയ രണ്ട് രൂപ സെസ് ഉപയോഗപ്പെടുത്തുക. പദ്ധതികളും കടമെടുപ്പും കേന്ദ്രസർക്കാർ തടഞ്ഞപ്പോൾ കേരളത്തിലെ ജനങ്ങളെ മുന്നിൽനിർത്തി പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന സെസ് ഏർപ്പെടുത്തിയത്. 50 രൂപക്ക് ലഭിച്ചിരുന്ന പെട്രോൾ 104 രൂപ ആയപ്പോഴും മിണ്ടാതിരുന്നവരാണ് ഇപ്പോൾ പ്രതിഷേധവുമായി വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.