ദാറുൽ ഈമാൻ കേരള വിഭാഗം പഠിതാക്കളുടെ സംഗമം
text_fieldsമനാമ: ദാറുൽ ഈമാൻ മലയാളം വിഭാഗം വനിത വിങ്ങിന്റെ കീഴിൽ നടക്കുന്ന ഇസ്ലാമിക പഠന കോഴ്സുകളായ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ പഠിതാക്കളുടെ സംഗമം നടത്തി.
വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ 'ജീവിത വിജയം ഖുർആനിലൂടെ' എന്ന വിഷയത്തിൽ ദാറുൽ ഈമാൻ മലയാള വിഭാഗം പ്രസിഡന്റ് സഈദ് റമദാൻ നദ്വി പ്രഭാഷണം നടത്തി. വിശ്വാസികളുടെ എല്ലാ പഠനങ്ങളുടെയും അടിസ്ഥാനം ഖുർആനാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുർആൻ പഠനം കേവലം വിവര ശേഖരണത്തിന് മാത്രമുള്ളതല്ല. ഖുർആനിൽനിന്ന് ആർജിച്ചെടുക്കുന്ന അറിവുകളും ആശയങ്ങളും ജീവിതത്തിൽ പകർത്താനുള്ളതും കൂടിയാണ്. ജീവിതത്തിൽ വെളിച്ചവും തെളിച്ചവുമുണ്ടാക്കാൻ ഈ മഹത്തായ വേദഗ്രന്ഥത്തിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദാറുൽ ഈമാൻ വിദ്യാഭ്യാസ സെക്രട്ടറി എം.എം. സുബൈർ തംഹീദുൽ മർഅ ദ്വിവർഷ കോഴ്സ് പൂർത്തിയാക്കിയവരുടെ ഫലപ്രഖ്യാപനം നടത്തി. വിജയികളിൽ ഏഴ് പഠിതാക്കൾക്ക് എ പ്ലസും 11 പേർക്ക് എ ഗ്രേഡും ലഭിച്ചു. ജനറൽ സെക്രട്ടറി എം. അബ്ബാസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുബൈദ മുഹമ്മദലി, കെ.വി. സുബൈദ എന്നിവർക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നാസിയ അബ്ദുൽ ഗഫൂറും മൂന്നാം റാങ്ക് പി.കെ. മെഹ്റയും കരസ്ഥമാക്കി.
ദാറുൽ ഈമാൻ കേരള വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതവും സാജിദ സലീം നന്ദിയും പറഞ്ഞു.
ഹനാൻ അബ്ദുൽ മനാഫ് ഗാനമാലപിച്ചു. ലിയ അബ്ദുൽ ഹഖ് ആയിരുന്നു പരിപാടിയുടെ അവതാരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.