ആര്യാടൻ മുഹമ്മദിന്റെ വിയോഗം തീരാനഷ്ടം -ഒ.ഐ.സി.സി
text_fieldsമനാമ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗം ഇന്ത്യൻ നാഷനൽ കോൺഗ്രസിന് തീരാനഷ്ടമാണെന്ന് ബഹ്റൈൻ ഒ.ഐ.സി.സി അനുസ്മരിച്ചു. മലബാറിൽ മതേതര- ജനാധിപത്യ ശക്തികൾക്ക് അടിത്തറ പാകുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനംമൂലം സാധിച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിൽ എട്ടു പ്രാവശ്യം എം.എൽ.എയാകാനും മൂന്നു തവണ മന്ത്രിസഭ അംഗമാകാനും അദ്ദേഹത്തിന് സാധിച്ചു.
സാധാരണക്കാരെ ചേർത്തുപിടിക്കാനും പാവങ്ങളെ സഹായിക്കാനും എക്കാലത്തും അദ്ദേഹം മുന്നിലുണ്ടായിരുന്നു. വിവിധ സർക്കാറുകളുടെ കാലത്ത് തന്നെ ഏൽപിച്ച വകുപ്പുകൾ സാധാരണക്കാർക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ആലോചിക്കാനും അതിന് ഉതകുന്ന വിധത്തിൽ പദ്ധതികൾ നടപ്പാക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. മലബാറിന്റെ മതേതര മുഖമായിരുന്നു ആര്യാടൻ മുഹമ്മദ്.
നിലപാടുകളിൽ ഉറച്ചുനിൽക്കാനും തെറ്റുകൾ കണ്ടാൽ വിമർശിക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ലെന്നും ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മതേതര കേരളത്തിന് തീരാനഷ്ടം -രാജു കല്ലുംപുറം
മനാമ: ഏഴു പതിറ്റാണ്ടുകാലം രാഷ്ട്രീയരംഗത്ത് മതേതരശക്തികളുടെ വക്താവായി നിന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുശോചിച്ചു. മലബാറിൽ മതേതര ശക്തികൾക്ക് വളർച്ച ഉണ്ടാകാൻ അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി സാധിച്ചു. പൊതുപ്രവർത്തനം എന്നത് മറ്റുള്ളവരെ സഹായിക്കാനുള്ള മാർഗമായി കണ്ട നേതാവായിരുന്നു അദ്ദേഹം. മുന്നണിയിലെ ഘടക കക്ഷികളോട് അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിൽ അത് തുറന്നുപറയാനും അവക്ക് പരിഹാരം കാണാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിനുപരിയായി എല്ലാ ആളുകളുടെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിക്കാൻ സാധിച്ചതെന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.
അനുശോചിച്ചു
മനാമ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വാക്കിലും പ്രവൃത്തിയിലുമുള്ള തികഞ്ഞ മതേതരത്വവുമാണ് ആര്യാടൻ മുഹമ്മദിനെ മലബാറിലും കേരളത്തിലും നേതാവാക്കിയത്. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.