നന്മയുടെ വിജയം അനുസ്മരിച്ച് ഇന്ന് ദീപാവലി ആഘോഷം
text_fieldsമനാമ: തിന്മക്കെതിരെ നന്മയുടെ വിജയം അനുസ്മരിച്ച് ഇന്ന് ഹൈന്ദവക്ഷേത്രങ്ങളിൽ ദീപാവലി ആഘോഷം നടക്കും. ദീപാവലിയോടനുബന്ധിച്ച് ഒത്തുചേരലുകളും വിരുന്നുകളും പ്രാർഥനകളും ക്ഷേത്രങ്ങളിൽ നടക്കും.
മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദീപാവലിയോടനുബന്ധിച്ച് വിവിധ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിലും ബേക്കറികളിലും ദീപാവലി സ്വീറ്റ്സുകൾ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. കൊച്ചുഗുരുവായൂർ ക്ഷേത്രത്തിൽ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് ആറിന് ദീപങ്ങൾ തെളിക്കും. എസ്.എൻ.സി.എസിലും വൈകീട്ട് ദീപം തെളിക്കും. ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ ബിസിനസ് കുടുംബങ്ങളായ കേവൽറാം, കവലാനി, വൈദ്യ, അസർപോട്ട, മുൽജിമൽ എന്നിവരുടെ ഭവനങ്ങൾ ദീപാവലിയോടനുബന്ധിച്ച് രാജകുടുംബാംഗങ്ങൾ സന്ദർശിക്കാറുണ്ട്.
മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത എല്ലാ കടകളും ദീപാലങ്കാരങ്ങളാൽ നിറഞ്ഞു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഇന്ത്യൻ ക്ലബ് തുടങ്ങിയവയുടെ നേതൃത്വത്തിലും ദീപാവലി ആഘോഷങ്ങളുണ്ട്.
ഞായറാഴ്ച വൈകീട്ട് മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദീപോത്സവം നടക്കും. വൈകീട്ട് 6.15 മുതൽ എട്ടുവരെ ദീപങ്ങൾ തെളിക്കൽ നടക്കും. 6.45ന് ആരതി. തിങ്കളാഴ്ച രാവിലെ 11ന് ശ്രീ ഗോവർധൻ പൂജ നടക്കും.
തിങ്കളാഴ്ച വൈകുന്നേരം 6.15ന് ക്ഷേത്രത്തിൽ അന്നക്കൂട്ട് ദർശനം നൽകും. സൽമാബാദിലെ സിഖ് ഗുരുദ്വാരയിലും ഞായറാഴ്ച വൈകീട്ട് ആറു മുതൽ പ്രത്യേക ദീപാവലി പ്രാർഥന നടക്കും. നേപ്പാളി കമ്യൂണിറ്റിയും ദീപാവലിയോടനുബന്ധിച്ച് പ്രത്യേക കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രമുഖ സ്വർണാഭരണ ശാലകൾ ദീപാവലിയോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഇന്ന് ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ 24/7 ഹെൽപ് ലൈൻ നമ്പറായ 00973 39418071ൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.